കോഴിക്കോട് : നിപ്പവൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്നു ഇപ്പോള്‍ കോഴിക്കോട് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് ഒന്‍പത് പേര് . അഞ്ചുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും നാലുപേര്‍ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. മരിച്ച സഹോദരങ്ങളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തവരില്‍ ഒരാളും പേരാമ്പ്ര മേഖലയില്‍ പരിശീലനത്തിനായി പോയിരുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്സിംഗ് സ്കൂളിലെ വിദ്യാര്‍ഥിയും ചികിത്സയിലാണ്. ഇവരില്‍ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ലക്ഷണങ്ങള്‍
പനി, തലവേദന, ഛര്‍ദി, തലകറക്കം, ബോധക്ഷയം എന്നിവയാണ് സാധാരണയായി കാണുന്നത്. ചിലര്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കും. ലക്ഷണങ്ങള്‍ 10-12 ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും. തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും രോഗം മസ്തിഷ്കജ്വരത്തിലേക്കു നീളുകയും ചെയ്യും. പിന്നീട് മരണം വരെ സംഭവിച്ചേക്കാം .
എങ്ങനെ തടയാം?
പക്ഷിമൃഗാദികള്‍ കടിച്ച പഴങ്ങള്‍ കഴിച്ചാണ് നിപ്പ വൈറസ് പിടിപെടുന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ കൈകള്‍ വൃത്തിയായി കഴുകണം . രോഗിയെ പരിചരിക്കുമ്പോള്‍ മാസ്കും കയ്യുറയും ധരിക്കണം. വവ്വാലുകള്‍ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങള്‍ കുടിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്കി.