ന്യൂഡൽഹി: ജോലി ചെയ്തതിന്റെ വേതനം ചോദിച്ചതിന് വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ കൊന്ന് വെട്ടിനുറുക്കി. ഡൽഹിയിലെ മിയാവാലി നഗറിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനിയായ സോണി കുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ജീത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മഞ്ജീത് സിംഗും കൂട്ടാളികളും സോണി കുമാരിയെ മൂന്നു വർഷം മുന്പാണ് ഡൽഹിയിൽ എത്തിച്ചത്. ഈസ്റ്റ് കൈലാഷിലുള്ള ഒരു വീട്ടിൽ കുട്ടിയെ ജോലിക്കായി നിർത്തി. 6000 രൂപ മാസവേതനമായി സോണിക്ക് ലഭിച്ചിരുന്നു.
എന്നാൽ ഈ തുക എല്ലാ മാസവും മഞ്ജീതാണ് വാങ്ങിയിരുന്നത്. തനിക്ക് വീട്ടിൽ പോകണമെന്നും അതിനാൽ വാങ്ങിയ തുക തിരികെ വേണമെന്നും കഴിഞ്ഞ ഒരു വർഷമായി സോണി മഞ്ജീത്തിനോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ മഞ്ജീത് തുക നൽകിയില്ല.
മേയ് മൂന്നിന് മഞ്ജീത് തന്റെ വീട്ടിലേക്ക് സോണിയെ കൊണ്ടുവരുകയും ഇവിടെ വച്ച് അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇതിന് സോണി വഴങ്ങിയില്ല. തുടർന്ന് ഇയാൾ കൂട്ടാളികളായ ഷാലു (31) ഗൗരി (36) എന്നിവരെ കൂട്ടി പെൺകുട്ടിയെ കൊല്ലുകയായിരുന്നു.
കൊന്ന ശേഷം ഇവർ മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി ഒാടയിൽ തള്ളി. മൃതദേഹം കണ്ടെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മേയ് 17ന് മഞ്ജീത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാർഖണ്ഡിലെ പാവപ്പെട്ട വീടുകളിലെ പെൺകുട്ടികളെ ജോലി നൽകാമെന്ന് പറഞ്ഞ് ഡല്ഹിയിൽ എത്തിക്കുന്ന ഏജന്റുമാരാണ് സംഘത്തിൽപ്പെട്ടവരെന്ന് പോലീസ് അറിയിച്ചു. തങ്ങളുടെ ബന്ധുവാണ് കുട്ടികളെന്നാണ് ജോലി സ്ഥലങ്ങളിൽ ഇവർ പറയുന്നത്.
കുട്ടികളെ അവരുടെ വീടുമായി ബന്ധപ്പെടാൻ അനുവദിക്കാറുമില്ലായിരുന്നു. പെൺകുട്ടി ജോലി ചെയ്ത വീട്ടുകാർക്ക് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.