പേരാമ്പ്ര: കോഴിക്കോട് പൂഴിത്തോട്ടിൽ മകന്റെ കൈയിലെ തോക്കിൽ നിന്നും വെടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ സംശയമുയർത്തി ബന്ധുക്കൾ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
മരിച്ച ഷൈജിയുടെ മൃതദേഹം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ഉച്ചക്കു രണ്ടിന് ചക്കിട്ടപാറ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും. മകന്റെ കൈയിലുണ്ടായിരുന്ന തോക്കിൽ നിന്നു വെടിയുതിർന്നാണു ഷൈജി മരിക്കാനിടയായതെന്ന നിഗമനത്തിൽ സംശയമുണ്ട്. തോക്ക് എങ്ങനെ പ്രായപൂർത്തിയാകാത്ത മകന്റെ പക്കലെത്തിയെന്നതിനെക്കുറിച്ചും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.
തോക്ക് കാട്ടിൽ നിന്നു കിട്ടിയതാണെന്ന മൊഴികൾ അവിശ്വസനീയമാണെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഷൈജിയുടെ മാറിലാണു വെടിയേറ്റിരിക്കുന്നത്. മരണം നടന്ന വീട്ടിലെ കട്ടിലിൽ നിന്നു രണ്ടു ഹെഡ് ലൈറ്റുകളും കണ്ടെത്തിയിരുന്നു.
മലയോരങ്ങളിൽ തോക്ക് കൈവശം വച്ചിരുന്നവർ സർക്കാർ നിർദ്ദേശത്തെ തുടർന്നു അതാതു പോലീസ് സ്റ്റേഷനുകളിൽ വർഷങ്ങൾക്കു മുമ്പുതന്നെ ഏൽപ്പിച്ചിരുന്നു. പൂഴിത്തോട്ടിൽ വെടിയുതിർന്ന തോക്കിന്റെ യഥാർഥ ഉടമകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രായപൂർത്തിയാകാത്ത കുട്ടിയെ മറയാക്കി ആരെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
പേരാമ്പ്ര സിഐ കെ.പി.സുനിൽകുമാർ, പെരുവണ്ണാമൂഴി സബ് ഇൻസ്പെക്ടർ കെ.കെ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.