കളമശേരി: എച്ച്എംടി ജംഗ്ഷന സമീപം റോക്ക് വെല്ലിലെ വീട്ടിൽ വടിവാളുമായെത്തിയ സംഘം വീട്ടുകാരെ ആക്രമിച്ചതായി പരാതി. ഗൃഹനാഥനടക്കം 6 പേർക്ക് പരിക്ക്. കളമശേരിയിൽ ഇന്നലെ ഉച്ചമുതൽ ആരംഭിച്ച സംഘർഷങ്ങളാണ് രാത്രി 11 മണിക്ക് വീടാക്രമണത്തിൽ കലാശിച്ചത്.
ഒരു യുവാവിനോടൊപ്പം കളമശേരി റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഉച്ചയോടെ കണ്ടെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്നു ഇത് ചോദ്യം ചെയ്ത് യുവതിയുടെ ബന്ധുക്കൾ ഉച്ചയോടെ മണികണ്ഠൻ എന്ന പേരുള്ള യുവാവ് താമസിക്കുന്ന കരിപ്പായി റോഡിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ എത്തുകയും ഹോസ്റ്റൽ നിവാസികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.
തുടർന്ന് വൈകിട്ടോടെ ഹോസ്റ്റൽ ഉടമയുടെ മകന്റെ നേതൃത്വത്തിൽ രാത്രി 11 ഓടെ 25 ഓളം പേരടങ്ങുന്ന സംഘം റോക്ക് വെല്ലിലെ യുവതിയുടെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി വീട്ടുപകരണങ്ങൾ തകർത്തതായും പരാതിയുണ്ട്. വീട്ടുകാരെയും ആക്രമിച്ചു.
അസീസ്, ഇദേഹത്തിന്റെ ഭാര്യ, മകൻ അനസ്, അനസിന്റെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടുകാർ ല്ലാവരും എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അതേ സമയം ഹോസ്റ്റലിൽ കയറി ആക്രമിച്ചെന്നപേരിൽ വീട്ടുകാർക്കെതിരേയും പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.