ഒറ്റപ്പാലം: താലൂക്കിൽ അനധികൃത മണൽക്കടത്ത് വീണ്ടും വ്യാപകമായെന്നു പരാതി. സബ് കളക്ടർ രൂപംനല്കിയ പ്രത്യേക സ്ക്വാഡിനു പുറമേ വനിതകളെ ഉൾപ്പെടുത്തി പുതിയ സ്ക്വാഡും ഇപ്പോൾ നിലവിൽവന്നു. മണൽകടത്ത് സജീവമായതായി റവന്യൂവകുപ്പും സമ്മതിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ആറര യൂണിറ്റ് മണലാണ് സ്ക്വാഡ് പിടികൂടിയത്.
ഇതിനു പുറമേ ഷൊർണൂരിൽനിന്നും വൻമണൽശേഖരവും പിടികൂടി. അഞ്ച് ജെസിബി, പത്ത് ലോറികൾ എന്നിവയും പിടികൂടിയവയിൽ ഉൾപ്പെടുന്നു. കരിന്പുഴ, കരിപ്പമണ്ണ, പനംകടവ് എന്നിവിടങ്ങളിൽനിന്നാണ് വാഹനങ്ങൾ പിടികൂടിയത്.അനധികൃതമായി വെട്ടുകല്ലുകൾ കടത്തുന്നതിനിടെ മൂന്നുലോറികളും കസ്റ്റഡിയിലെടുത്തു.
ഒറ്റപ്പാലം നഗരസഭാ പ്രദേശത്ത് തലച്ചുമടായി മണൽകടത്ത് നടക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അവധിദിവസങ്ങളിലും മറ്റും മണ്ണ്, വെട്ടുകല്ല്, മണൽ എന്നിവ കടത്തുന്നത് സജീവമാണെന്നാണ് റവന്യൂസംഘത്തിന്റെ കണ്ടെത്തൽ. പുഴകൾ, തോടുകൾ എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത മണൽകടത്തും വെട്ടുകല്ല് കടത്തും കർശനമായി തടയുന്നതിനാണ് സബ് കളക്ടറുടെ പ്രത്യേക സ്ക്വാഡിനൊപ്പം വനിതാ സ്ക്വാഡും കൂടി രൂപീകരിച്ചത്.
ഇതുവഴി കർശന പ്രകൃതിചൂഷണ വിരുദ്ധനടപടിക്ക് സബ് കളക്ടർ ശക്തമായ ഉൗന്നൽ നല്കുകയാണെന്നാണ് സൂചനകൾ. ആറു വനിതകൾ ഉൾപ്പെടുന്ന സംഘമാണ് സക്വാഡിലുള്ളത്. ഡെപ്യൂട്ടി തഹസീൽദാറും സീനിയർ ക്ലാർക്കുമാരും ഇതിൽ ഉൾപ്പെടും. വനിതാ ജീവനക്കാരുടെ അഭിപ്രായം ആരാഞ്ഞശേഷമാണ് സ്ക്വാഡ് രൂപീകരിച്ചതെന്ന് ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ് വ്യക്തമാക്കി.
പുരുഷന്മാർ അടങ്ങിയ നിലവിലെ സ്ക്വാഡിന്റെ ജോലിഭാരം കുറയ്ക്കുകയെന്നതും വനിതാ സ്വാഡിന്റെ രൂപീകരണംകൊണ്ടു ലക്ഷ്യമിടുന്നു.അവധിദിവസങ്ങളിൽ രാവിലെയാണ് വനിതാ സ്ക്വാഡ് പരിശോധനയ്ക്കിറങ്ങുക. പുരുഷ സ്ക്വാഡുകൾ രാത്രിയിലും പരിശോധനയ്ക്കിറങ്ങും.