ചേർത്തല: കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ എൻഎസ്എസിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് മന്ത്രി ജി.സുധാകരൻ. വെള്ളിയാകുളം എൻഎസ്എസ് കരയോഗത്തിന്റെ, ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പിന്നോക്ക സമുദായങ്ങളുടെ അടക്കം എല്ലാവരുടെയും അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയാണ് എൻഎസ്എസ് എന്നും നിലകൊണ്ടത്. അതുകൊണ്ടാണ് എൻഎസ്എസിന് പൊതുസമൂഹത്തിന്റെ ആദരവ് നേടാനായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരയോഗം പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ അധ്യക്ഷനായി. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കെ.പങ്കജാക്ഷപ്പണിക്കർ കൂടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൽ വൈസ് പ്രസിഡന്റ് എസ്.മുരളികൃഷ്ണൻ കുടുംബസംഗമ സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
സമുദായാചാര്യന്റെ ഛായാചിത്രം യൂണിയൻ ഇൻസ്പക്ടർ കെ. ജയകൃഷ്ണൻ അനാച്ഛാദനം ചെയ്തു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ് ജ്യോതിസ്, പഞ്ചായത്ത് അംഗം മറിയാമ്മ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി പി.തിലോത്തമൻ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു.