ചവറ: രക്ഷിതാക്കളെയും കുട്ടികളെയും ആദരിച്ച് ചവറ ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയ വിദ്യാർഥികളെ അനുമോദിക്കുകയും ഇവരുടെ മാതാപിതാക്കളെ ആദരിച്ചുമാണ് സ്കൂൾ അധികൃതർ മാത്യകയായത്.
ചടങ്ങ് എൻ.വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ അറിഞ്ഞ് ജീവിക്കുന്ന വ്യക്തികളായി മാറാൻ വിദ്യാർഥികൾക്കാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു.
ഏത് ഉന്നതങ്ങളിൽ എത്തിച്ചേർന്നാലും രക്ഷിതാക്കളെ ഒരിക്കലും വേദനിപ്പിക്കുകയോ വിസ്മരിക്കയൊ ചെയ്യരുത്. ആത്മാർഥമായി പഠിപ്പിക്കുന്ന അധ്യാപകരും രക്ഷിതാക്കളും സർക്കാരും ഉണ്ടെങ്കിലെ വിദ്യാഭ്യാസ രംഗത്ത് വൻ നേട്ടം ഉണ്ടാക്കാൻ സാധിക്കുകയുള്ളു.
ഇന്ന് സംസ്ഥാന സർക്കാർ ഏറ്റവും കൂടുതൽ തുക ചെലവിടുന്നത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. ലോകോത്തര മത്സരമാണ് ഇന്ന് വിദ്യാഭ്യാസ രംഗത്തുള്ളത്. ഇന്ന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഹൈടെക്ക് പദവിയിലേയ്ക്ക് ഉയർന്നു കഴിഞ്ഞു. രാഷ്ട്രീയം വികസനത്തിനായി വിനിയോഗിക്കണമെന്നും എംഎൽഎ പറഞ്ഞു.
അനുമോദന യോഗത്തിൽ സ്കൂൾ മാനേജ്മെന്റ കമ്മിറ്റി ചെയർമാൻ വർഗീസ് എം.കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. ശോഭ, ഗ്രാമ പഞ്ചായത്ത് മെമ്പർ അനിൽ പുത്തേഴം, പിടിഎ വൈസ് പ്രസിഡന്റ് സിന്ധു മോൾ, എംപിടിഎ പ്രസിഡന്റ് പുഷ്പകുമാരി ,അയ്യപ്പൻ പിള്ള, പ്രിൻസിപ്പൽ ജെ.ഷൈല , പ്രഥമധ്യാപകൻ ശശാങ്കദൻ ,അധ്യാപകരായ എസ്.നൗഷാദ് ,ജീഷ് ,രക്ഷിതാക്കൾ ,വിദ്യാർഥികൾ തുടങ്ങിയവർ പ്രസംഗിച്ചു.