ബുവാനോസ് അരീസ്: റഷ്യൻ ലോകകപ്പിനുള്ള 23 അംഗ അർജന്റീന ടീമിനെ പരിശീലകൻ ഹൊർഹെ സാംപോളി പ്രഖ്യാപിച്ചു. ഇന്റർമിലാൻ താരമായ മൗറോ ഇക്കാർഡി പുറത്തായതാണ് പ്രധാന തീരുമാനം. അതേസമയം, പോളോ ഡൈബാല അന്തിമ സംഘത്തിൽ ഉൾപ്പെട്ടു. ഡിയേഗോ പെറോട്ടി, ലൗതാരോ മാർട്ടിനസും ഒഴിവാക്കപ്പെട്ട സംഘത്തിലെ പ്രധാനിയാണ്.
ഈ സീസണിൽ ഇറ്റാലിയൻ സീരി എയിൽ 29 ഗോൾ നേടിയ താരമാണ് ഇക്കാർഡി. എന്നാൽ, ഇക്കാർഡിയെ ഒഴിവാക്കി പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്താൻ കാത്തിരിക്കുന്ന സെർജ്യോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വിൻ എന്നിവരെ മുന്നേറ്റ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസിയും മുന്നേറ്റ നിരയുടെ ഭാഗമാണ്. മെസിയുടെ ക്യാപ്റ്റൻസിയിലാണ് ടീം റഷ്യയിൽ പോരാട്ടത്തിനിറങ്ങുക. സീസണിൽ ബാഴ്സയ്ക്കായി മെസി 34 ഗോളുകൾ നേടിയിരുന്നു.
സിറ്റിക്കായി ഈ സീസണിൽ അഗ്യൂറോ 30 ഗോളുകൾ നേടിയിരുന്നു. എന്നാൽ, മാർച്ചിൽ ഇറ്റലിക്കും സ്പെയിനിനും എതിരേ നടന്ന സൗഹൃദ മത്സരങ്ങളിൽ കളിച്ചിരുന്നില്ല. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വിധേയനായ അഗ്യൂറോ ഇന്നലെ അർജന്റീനയുടെ പരിശീലന ക്യാന്പിൽ എത്തിയിരുന്നു.
യുവന്റസിന്റെ സ്ട്രൈക്കറായ ഡൈബാല സീസണിൽ 22 ഗോൾ നേടിയിരുന്നു. എന്നാൽ, അതിലും ഗോൾനേടിയ താരമായിരുന്നു ഇക്കാർഡി. അർജന്റൈൻ സംഘത്തിലെ 14 പേർ ലോകകപ്പിൽ ആദ്യമായാണ് കളിക്കാൻ ഒരുങ്ങുന്നത്. ടുറിനോ ഡിഫൻഡറായ ക്രിസ്റ്റ്യൻ അൻസാൽഡി ടീമിലെത്തിയതാണ് അപ്രതീക്ഷിത നീക്കമായി വിലയിരുത്തപ്പെടുന്നത്.