കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് സ്വീകരിക്കുന്നതായി കേരള കോണ്ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി നിശ്ചയിച്ച ഉപസമിതിയുടെ യോഗം ആരംഭിച്ചു. ഇന്നു രാവിലെ പാലായിലെ കെ.എം. മാണിയുടെ വസതിയിൽ ആരംഭിച്ചിരിക്കുന്ന യോഗത്തിലേക്കു നേതാക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്നു രാവിലെ ഉപസമിതി യോഗത്തിനു മുന്പായി കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിൽ അരമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണു ഉപസമിതി യോഗം ആരംഭിച്ചത്. യോഗത്തിനുശേഷം കെ.എം. മാണി മാധ്യമങ്ങളെ കണ്ടു പാർട്ടി നിലപാട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം കോണ്ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പാലായിലെ വീട്ടിലെത്തി കെ.എം.മാണിയെ സന്ദർശിച്ചിരുന്നു. തുടർന്ന് അടിയന്തരമായി ഉപസമിതി ചേർന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഇന്നലത്തെ യോഗത്തിൽ കെ.എം.മാണിയും മകൻ ജോസ് കെ.മാണി എംപിയും മാത്രമാണു പങ്കെടുത്തിരുന്നത്. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ജോയി ഏബ്രഹാം എംപി, റോഷി അഗസ്റ്റിൻ എംഎൽഎ പി.ടി. ജോസ്, സി.എഫ്. തോമസ് എംഎൽഎ, എൻ. ജയരാജ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ എന്നിവരാണു യോഗത്തിനു എത്തിയിരിക്കുന്നത്.