തുറവൂർ: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. അരൂർ സ്വദേശി വിഷ്ണുവി(26)നെയാണ് അരൂർ പോലീസ് പിടികൂടിയത്. പോലീസ് പറയുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഒന്‍പതാം ക്ലാസിൽ പഠിക്കുന്പോൾ മുതൽ യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. അമ്മ കാൻസർ ബാധിച്ചു മരിച്ചു. താമസിയാതെ അച്ഛൻ ആത്മഹത്യ ചെയ്തു.
ചേച്ചിയുടെ വിവാഹ ശേഷം പെണ്‍കുട്ടി വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അന്നുമുതൽ വീട്ടിൽ നിത്യ സന്ദർശകനായ വിഷ്ണു പല പ്രാവശ്യം വീട്ടിൽ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞയിടെ വാഗമണ്ണിൽ കൂടെ കൊണ്ടുപോയതായും പറയുന്നു. വിവാഹ വാഗ്ദാനം നടത്തിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി.
കഴിഞ്ഞ ദിവസം കല്യാണം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയെ വിഷ്ണു വീട്ടിലേക്കു വിളിച്ചു കൊണ്ടുവന്ന വിവരം പെണ്‍കുട്ടി അറിഞ്ഞു. പ്രകോപിതയായ പെണ്‍കുട്ടി മണ്ണെണ്ണയുമായി ആത്മഹത്യ ചെയ്യാൻ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്.
ആത്മഹത്യ ശ്രമത്തിൽ നിന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിച്ച ശേഷം നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പ്രതിയെ ആലപ്പുഴ മജിസട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡും ചെയ്തു.
പോക്സോ നിയമപ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിട്ടുള്ളത്. ചേർത്തല ഡിവൈഎസ്പി എ.ജി. ലാലിനാണ് അന്വോഷണ ചുമതല.