കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയില്‍ ഇന്ന് രണ്ട് മരണംകൂടി. നിപ്പ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ രാജന്, ബേബി മൊമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെക്യാട് അറബിക് കോളജ് പരിസരത്തെ തട്ടാന്റവിടെ അശോകന് (52) എന്നിവരാണ് മരിച്ചത്. അനിതയാണ് അശോകന്റെ ഭാര്യ. പിതാവ്: ചാത്തു, മാതാവ്: മാണിക്യം. മക്കള്‍: അഖില്‍,അശ്വതി,ആദി.
രാജൻ ഒരാഴ്ച മുമ്പ് കൂരാച്ചുണ്ട് സിഎച്ച്സിയിൽ പനിക്ക് ചികിത്സ തേടിയിരുന്നു. പിന്നീട് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ഭേദമാകാത്തതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള സഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്കു ശേഷമെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളുവെന്നാണറിയുന്നത്.
നിപ്പാ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രാജന്റെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. സിന്ധുവാണ് രാജന്റെ ഭാര്യ മക്കൾ: സാന്ദ്ര, സ്വാതി.
ഇതോടെ നിപ്പാ വൈറസ് രോഗ ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം എട്ടായി. മലപ്പുറത്തെ മൂന്ന് പനിമരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇന്ന് മരിച്ചവരുടെ മരണവും ചെമ്പനോട പുതുശ്ശേരി വീട്ടില്‍ ലിനി എന്ന നഴ്സിന്റെ മരണവും വൈറസ് ബാധയേറ്റ് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
നാലുപേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരാള്‍ക്ക് പുറമെ സമാനമായ രോഗലക്ഷണങ്ങളുമായി ഒന്പതുപേര് കൂടി ചികിത്സയിലുണ്ട്. രക്തസാമ്പിളിന്റെ ഫലം വന്നാല്‍ മാത്രമേ ബാക്കിയുള്ളവരുടെ കാര്യത്തില്‍ രോഗബാധ സ്ഥിരീകരിക്കാന്‍ സാധിക്കൂ. രോഗപ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം പനിബാധിച്ചുള്ള മരണ വാര്‍ത്തകര്‍ വന്നതോടെ മറ്റ് അസുഖങ്ങളുമായി മെഡിക്കല്‍ കോളജില്‍ എത്തിയവര്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് വീട്ടിലേക്ക് മടങ്ങാനും തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പനിബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ സാധാരണ പനിയുള്ളവര്പോലും ഭീതിമൂലം ആശുപത്രിയില്‍ ചികിത്സ തേടുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.