മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ.മെഡിക്കൽ കോളജിൽ സർവതല സ്പർശിയായ വികസനം നടപ്പാക്കുമെന്ന് ഡോ.പി.കെ.ബിജു.എംപി പറഞ്ഞു. എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് വാങ്ങി നൽകിയ കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫിയോടു കൂടിയ പുതിയ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 32.50 ലക്ഷം രൂപയാണ്പ്രാദേശിക വികസന ഫണ്ടിൽ നിന്നും എംപി ഇതിനായി അനുവദിച്ചത്.
തൃശൂർ മെഡിക്കൽ കോളജിന്റെ വികസനത്തിനായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും പി.കെ.ബിജു എംപി ഇതുവരെ 2.32 കോടി രൂപ അനുവദിച്ചു. കീമോ ഡേ കെയർ സെന്ററും അനുബന്ധ വികസനവും നടപ്പാക്കി. നാലു ആംബുലൻസുകൾ, രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയും ലഭ്യമാക്കി. നേരത്തെ എംപി ഇടപെട്ടതിനെ തുടർന്ന് കാത്ത് ലാബും കാർഡിയോ തൊറാസിക് സർജറി യൂണിറ്റും ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ 8.59 കോടി രൂപ അനുവദിച്ചിരുന്നു.
മെഡിക്കൽ കോളജിന്റെ വികസനത്തിനായി ഈ വർഷം 27 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുമുണ്ട്. ഗവ.മെഡിക്കൽ കോളജ്, ചെസ്റ്റ് ഹോസ്പിറ്റൽ എന്നിവയുടെ വികസനത്തിനാവശ്യമായ നിർദ്ദേശങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എംപി ഇതിനകം സമർപ്പിച്ചിട്ടുണ്ട്.
യോഗത്തിൽ പ്രിൻസിപ്പാൾ ഡോ.എം.എ ആൻഡ്രൂസ്, സൂപ്രണ്ട് ഡോ.ബിജു കൃഷ്ണൻ, ലെയ്സണ്‍ ഓഫീസർ ഡോ.രവീന്ദ്രൻ, ഡോ.സുനി തോമസ്, ഡോ.പോൾ, ചീഫ് റേഡിയോഗ്രാഫർ എസ്. ശ്രീകുമാർ, റേഡിയോഗ്രാഫർ പി.സി.അനൂപ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ഉദ്ഘാടനത്തിനു ശേഷം മെഡിക്കൽ കോളേജിലെ വിവിധ വകുപ്പ് തലവൻമാരുമായി എംപി കൂടിക്കാഴ്ച നടത്തി.