തൃശൂർ: നാഷണൽ ഗെയിംസിന്റെ ഭാഗമായി നിർമിച്ച ഷൂട്ടിംഗ് റേഞ്ച് സംരക്ഷിക്കണമെന്നും ക്ലബ് രൂപീകരിച്ചു പരിശീലനം നൽകണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് പോലീസിനു വെറും ഉണ്ടയില്ലാ വെടി. ഷൂട്ടിംഗ് റേഞ്ചിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ഷൂട്ടിംഗ് ക്ലബ് രൂപീകരിച്ച് കായികതാരങ്ങൾക്കു പ്രവേശനം നൽകണമെന്നും പരിശീന സൗകര്യം ഒരുക്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്
. 2016 നവംബറിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കാത്തതുമൂലം കഴിഞ്ഞ വർഷം മേയ് മാസത്തിൽ പോലീസ് അക്കാദമിക്കു നോട്ടീസ് അയച്ചു. എന്നിട്ടും ഒരു നടപടിയുമില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിക്കാരനായ കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നൽകി.
അറ്റകുറ്റപ്പണിക്കായി 19.85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ പണി തുടങ്ങിയിട്ടില്ല. കോടതി നിർദേശിച്ചതനുസരിച്ച് ഷൂട്ടിംഗ് ക്ലബ് രൂപീകരിച്ചെന്നും പോലീസ് അക്കാദമി അവകാശപ്പെടുന്നുണ്ട്. ക്ലബിന്റെ ബൈലോയ്ക്ക് പോലീസ് ആസ്ഥാനത്തുനിന്ന് അംഗീകാരം ലഭിച്ചു.
ക്ലബിലേക്ക് അംഗത്വത്തിനും പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചെന്നും പോലീസ് അക്കാദമിയിൽനിന്നു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.എന്നാൽ അപേക്ഷ നൽകിയവരെ പോലീസ് പിന്തിരിപ്പിച്ചെന്നാണ് ആരോപണം. അപേക്ഷകരോടു വെരിഫിക്കേഷന് എത്തിയ പോലീസുകാർ പരുഷമായി പെരുമാറി പിന്തിരിപ്പിച്ചെന്നാണ് ആരോപണം. ക്ലബിൽ ചേരാൻ ആരും തയാറായില്ലെന്നുപറഞ്ഞ് വിഷയം അവസാനിപ്പിക്കാനാണു പോലീസ് ശ്രമം.
കോളജ് വിദ്യാർഥികൾ, കായിക താരങ്ങൾ, സ്പോർട്സ് ക്ലബുകൾ, എൻസിസി, സ്കൗട്സ് എന്നിവയ്ക്കു ഇതര ക്ലബുകളിൽ മെന്പർഷിപ് ഫീസിൽ ഇളവുണ്ട്. തോക്ക്, തിര എന്നിവയുടെ നിരക്കിലും ഇളവു നൽകാറുണ്ട്. ഇത്തരം ഇളവുകളും പ്രോൽസഹാനവും തൃശൂരിലെ ഷൂട്ടിംഗ് ക്ലബിൽ ഏർപ്പെടുത്തിയിട്ടില്ല.
അറ്റകുറ്റപ്പണി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതുമൂലം ഷൂട്ടിംഗ് റേഞ്ച് നശിക്കുകയാണ്. ആറു കോടി രൂപ മുടക്കിയാണു രാജ്യാന്തര നിലവാരമുള്ള ഷൂട്ടിംഗ് റേഞ്ച് നിർമിച്ചത്. ി