പാലക്കാട്: ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ കേന്ദ്രം അംഗീകരിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുളള പ്രദർശന-വിപണന-സേവനമേളയുടെ ജില്ലാതല ഉദ്ഘാടനം ’നവകേരളം 2018’ ഇന്ദിരഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്പോൾ ഭാവിയെ പ്രതീക്ഷയോടെ നോക്കാൻ കേരള സമൂഹത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . സ്വന്തമായി വീടില്ലാത്ത അഞ്ച് ലക്ഷം പേർക്ക് വീട് നൽകാനുള്ള ദൗത്യം സർക്കാർ ഏറ്റെടുത്ത് കഴിഞ്ഞു.
കേരള വികസന മാതൃക കാലാനുസൃതമായി മുന്നോട്ട് കൊണ്ട് പോകുകയാണ് സർക്കാരിന്റെ ലക്ഷ്യം.സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ സ്വീകാര്യതയാണ് ഈ സർക്കാരിന്റെ വിജയം. സംസ്ഥാന സർക്കാരിന്റെ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ വലിയിരുത്തുന്നതിനായി പ്രോഗ്രസ് കാർഡ് പുറത്തിറക്കിയിട്ടുണ്ട്.
ഇതിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തി സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ പരിപാടിയിൽ എം.ബി. രാജേഷ് എംപി , എംഎൽ.എമാരായ പി. ഉണ്ണി, കെ. കൃഷ്ണൻ കുട്ടി, പി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, വാർഡ് കൗണ്‍സിലർ പി.ആർ. സുജാത, ജില്ലാ കലക്ടർ ഡോ. പി.സുരേഷ് ബാബു, ഐ ആൻഡ് പി.ആർഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. മോഹനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ വി.പി. സുലഭ എന്നിവർ പങ്കെടുത്തു.