മണ്ണാർക്കാട്: ആദിവാസികളിൽനിന്നും ബീറ്റ് ഓഫീസർമാരെ നിയമിക്കുമെന്ന് വനംമന്ത്രി കെ.രാജു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആദിവാസികളായ യുവാക്കളിൽ അഞ്ഞൂറോളം വനം ബീറ്റ് ഓഫീസർമാരെ നിയമിക്കുമെന്നു മന്ത്രി പറഞ്ഞു.
മണ്ണാർക്കാട് വനം ഡിവിഷന്റെ കീഴിലുള്ള തിരുവിഴാംകുന്ന്, കച്ചേരിപറന്പിൽ പുതിയതായി പണിതുയർത്തിയ മാതൃക വനംസ്റ്റേഷൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ രാവിലെ 11നാണ് വനം വന്യജീവി മന്ത്രി കെ.രാജു കച്ചേരിപറന്പ് മാതൃകാവനം സ്റ്റേഷനിലെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഗാർഡ് ഓഫ് ഓർണർ നല്കി സ്വീകരിച്ചു. തുടർന്ന് സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷതൈകളുടെ നടീൽകർമം നിർവഹിച്ചു.കെട്ടിടത്തിന്റെ ഫലകാച്ഛാദനത്തിന് ശേഷം സ്റ്റേഷൻ ജനങ്ങൾക്കായി തുറന്നു നല്കി.
വനത്തെയും വന്യജീവികളെയും സംരക്ഷിക്കേണ്ടത് ഉദ്യോഗസ്ഥർക്കുപരി സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് തുടർന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ നിലനില്പ് പശ്ചിമഘട്ട മലനിരകളാണ്. വനവിസ്തൃതിയും ജനസാന്ദ്രതയും ഒരുപോലെ വർദിച്ചതാണ് വനാതിർത്തികളിൽ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിനിടയായതെന്ന് മന്ത്രി പറഞ്ഞു.
വന്യജീവികളുടെ ആക്രമണത്തിന് ഇരകളായവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർധിപ്പിച്ചതായും ഇത് ഉടനടി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി ചടങ്ങിൽ അറിയിച്ചു. വിസ്തൃതമായ സൗകര്യങ്ങളുള്ള മാതൃക സ്റ്റേഷനും അനുബന്ധമായി ആനമൂളിയിൽ നിർമിച്ച ഡോർമിറ്ററിയുമുൾപ്പെടെ 60 ലക്ഷം രൂപയാണ് നബാർഡിന്റെ ധനസഹായത്തോടെ കെട്ടിടനിർമാണത്തിനായി ചെലവിട്ടത്. ഇതിന്റെ കരാറുകാരെ വേദിയിൽ ആദരിച്ചു.
തുടർന്ന് വനാതിർത്തിയിൽ വന്യജീവികളാൽ കൃഷിനാശം സംഭവിച്ചവർക്കുള്ള ധനസഹായവും നല്കി. എംഎൽഎ എൻ.ഷംസുദീൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കോട്ടോപാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം വി.പ്രീത, ഉത്തരമേഖല പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ പി.കെ.കേശവൻ, ചീഫ് കണ്‍സർവേറ്റർ ആർ.ആടലരശൻ, സൈലന്റ് വാലി വാർഡൻ സാമുവൽ വല്ലംഗെത്ത പച്ചൗ, രാഷ്ട്രീയ പ്രതിനിധികളായ പി.ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.