കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ വള്ളിക്കാവ് ജംഗ്ഷന് പടിഞ്ഞാറ്, ദിവസങ്ങളായി വൻതോതിൽ തണ്ണീർത്തടം നികത്തൽ നടക്കുന്നുവെന്ന് ആരോപണം. ഇതിനെതിരെ ഇതുവരെ രാഷ്ട്രീയ – യുവജന പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനയും രംഗത്തെത്തിയില്ല. ഇതിനു പിന്നിൽ നിഗൂഡത ഉണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പലയിടങ്ങളിലും നിലം നികത്തിയെന്നാരോപിച്ച് കൊടി കുത്തുന്നവർ ഇവിടെ പ്രതിഷേധത്തിനായി എത്താത്തതിനു പിന്നിൽ പ്രത്യേക അജണ്ട ഉണ്ടെന്ന ആരോപണവും ഉണ്ട്. 24 ഏക്കർ വയലിലാണ് ഇപ്പോൾ വൻതോതിൽ മണ്ണു നിറച്ചുകൊണ്ടിരിക്കുന്നത്. ക്ലാപ്പന പഞ്ചായത്തിലും കുലശേഖരപുരം പഞ്ചായത്തിലും വ്യാപകമായ രീതിയിൽ നികത്തൽ നടക്കുന്നുണ്ട്.
തണ്ണീർത്തടം നികത്തുന്നതിനെതിരേ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. അതൊന്നും വകവെയ്ക്കാതെ നിലം നികത്തൽ തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. വള്ളിക്കാവിൽ ഏക്കറുകണക്കിനു വയലുകൾ നികത്തിയാണ് ഇതിന് മുമ്പും നിരവധി കെട്ടിടങ്ങൾ നിർമിച്ചത്.
വ്യാപകമായ രീതിയിൽ വള്ളിക്കാവിൽ ചിലർകായലോരം കൈയേറിയെന്നും ആരോപണം ഉണ്ട് . തണ്ണീർതട സംരക്ഷണ നിയമം കാറ്റിൽ പറത്തി വയലുകൾ നികത്തുമ്പോൾ നടപടി സ്വീകരിക്കാതെ പഞ്ചായത്ത്, റവന്യു വകുപ്പ് അധികൃതർ മൗനം പാലിക്കുന്നുവെന്നുംനാട്ടുകർ ആരോപിക്കുന്നു.