തലശേരി: ഒന്നിച്ചു കളിച്ചുനടന്ന് അപ്രതീക്ഷിതമായി അപകടത്തിന്റെ രൂപത്തില്‍ ഒന്നിച്ച് ഈ ലോകത്തോടു വിടപറഞ്ഞ പുന്നോലിലെ നാലു യുവാക്കളുടെ അന്ത്യ വിശ്രമവും ഒന്നിച്ചുതന്നെ. വടകര കൈനാട്ടി മുട്ടുങ്ങലില്‍ ഇന്നലെ സന്ധ്യക്കുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ പുന്നോല്‍ കുറിച്ചിയില്‍ ഈയ്യത്തുംകാട് റെയില്‍വേ ഗേറ്റിനു സമീപത്തെ സൈനാബാഗ് ഹൗസില്‍ ഇസ്മയീല്‍-ഫയറൂസ ദമ്പതികളുടെ മകന് മുഹമ്മദ് അനസ് (19), ഹാരീസ്-താഹിറ ദമ്പതികളുടെ മകന് പറയങ്ങാട്ട് വീട്ടില്‍ സഹീര്‍ (18) റൂഫിയ മന്‍സിലില്‍ നൗഷാദ്-റൂഫിയ ദമ്പതികളുടെ മകന് നിഹാല്‍ (18) സുലൈഖ മഹലില്‍ മുഹമ്മദ് തലത്ത് ഇഖ്ബാല്‍ (18) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ പുന്നോല്‍ ജുമുഅ മസ്ജിദ് കബർസ്ഥാനില്‍ കബറടക്കും.
അനസ്, സഹീര്‍, നിഹാല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വടകര ജനറല്‍ ആശുപത്രിയില്‍ നിന്നും തലത് ഇഖ്ബാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ പുന്നോല്‍ റെയില്‍വെ ഗേറ്റിനു സമീപം പ്രത്യാകം തയാറാക്കിയ പന്തലില്‍ എത്തിക്കും. ഇവിടെ പൊതു ദര്‍ശനത്തിനുവച്ച ശേഷം മൃതദേഹങ്ങള്‍ അവരവരുട സ്വന്തം വീടുകളിലേക്കു കൊണ്ടു പോകുകകയും തുടര്‍ന്നു പുന്നോല്‍ ജുമുഅ മസ്ജിദ് കബർസ്ഥാനില്‍ കബറടക്കുകയും ചെയ്യും.
റെയില്‍വെ ട്രാക്കും റോഡും തൊട്ടുരുമി കിടക്കുന്ന ഇവിടെ മൃതദേഹം പൊതു ദര്‍ശനത്തിനു വയ്ക്കുന്നതുമായി ബന്ധപ്പെട്ടു ഗതാഗ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചമുതല്‍ പുന്നോല്‍ ജുമുഅ മസ്ജിദിലേക്കു പോകുന്ന റോഡിലൂടെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഈ റോഡിന്റെ സൈഡിലുള്ള ഗ്രൗണ്ടിലാണു മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വയ്ക്കുക.
ദേശീയപാതയ്ക്ക് ഇരുവശത്തുമായാണു വാഹനം പാര്‍ക്ക് ചെയ്യാന്‍ സംവിധാനമൊരുക്കിയിട്ടുള്ളത്. പുന്നോല്‍ റെയില്‍വേ ഗേറ്റനു സമീപം നൂറുമീറ്റര്‍ ചുറ്റളവിനുള്ളിലെ നാലു യുവാക്കള്‍ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണു പുന്നോല്‍ പ്രദേശം.
മരണ വിവരമറിഞ്ഞ് ഇന്നലെ രാത്രിയില്‍ നൂറുകണക്കിനു യുവാക്കളാണു പുന്നോല്‍ റെയില്‍വേ ഗേറ്റ് പരിസരത്തേക്ക് ഒഴുകിയെത്തിയത്. ദേശീയപാതയുടെ ഇരുവശത്തും ഇന്നലെ രാത്രിയില്‍ തന്നെ വാഹനങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം വരെ ഈ പ്രദേശത്തു സൗഹൃദം പങ്കുവച്ചു നടന്ന നാലു യുവാക്കളാണ് മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മരണത്തിനു കീഴടങ്ങിയത്. പെരുന്നാളിനു വടകരയില്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ലക്ഷ്യമിട്ടു പോയതായിരുന്നു അഞ്ചംഗ സുഹൃത്ത് സംഘം.
വടകരയില്‍ ഷൂ കച്ചവടം നടത്തുന്നതിനു കടനോക്കിയ ശേഷം മടങ്ങുന്നതിനിടയിലാണു മരണം കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ നാലുപേരേയും തട്ടിയെടുത്തത്. സന്തത സഹചാരികളും ഉറ്റ കൂട്ടുകാരുമായ സമപ്രായക്കാരുമായ നാലുപേരെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണു പുന്നോല്‍ ദേശം.
റംസാന് വ്രതമെടുത്തു സന്ധ്യാസമസ്ക്കാരം കഴിഞ്ഞ് അടുത്ത പ്രാര്‍ഥനയ്ക്കായി ഒരുങ്ങുന്നതിനിടെയാണു നാട്ടുകാരും വീട്ടുകാരും ദുരന്തവാര്‍ത്ത അറിയുന്നത്. കണ്ടെയിനര്‍ ലോറിയില്‍ സ്വിഫ്റ്റ് കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചുവെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് മരണസംഖ്യ മൂന്നായി ഉയര്‍ന്നു. അപകടത്തില്‍പ്പെട്ടതു പുന്നോല്‍ സ്വദേശികളാണെന്ന വിവരം ലഭിച്ചതോടെ പുന്നോല്‍ മുസ്ലിം ജമാഅത്ത് സെക്രട്ടറി സിദ്ദിഖ് സന, റിഷാല്‍, ഹനീഫ തുടങ്ങിയ പൊതുപ്രവര്‍ത്തകര്‍ വടകരയിലേക്കു തിരിച്ചു.
അപകടത്തില്‍പെട്ട കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഉടമ പുന്നോല്‍ സ്വദേശിയാണെന്ന വിവരം മാത്രമാണ് ആദ്യം ലഭിച്ചത്. പിന്നീടാണു സംഭവസ്ഥലത്തുവച്ചു തന്നെ മൂന്നുപേര്‍ മരിച്ചെന്നും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ടെന്ന വിവരവും ലഭിക്കുന്നത്.
ഇതിനിടയില്‍ തന്നെ സിദ്ദിഖ് സനയുടെ നേതൃത്വത്തിലുള്ള പൊതുപ്രവര്‍ത്തകര്‍ വടകര ആശ ആശുപത്രിയില്‍ എത്തുകയും അനസ്, സഹീര്‍, നിഹാല്‍ എന്നിവരുടെ മരണം സ്ഥിരീകരിച്ചു വിവരം പുന്നോലില്‍ അറിയിക്കുകയും മൃതതദേഹങ്ങള് വടകര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയും ചെയ്തു.
ഈസമയത്ത് തന്നെയാണ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് തലത്ത് ഇഖ്ബാല്‍ മരിച്ച വിവരവും എത്തുന്നത്. വടകരയില്‍ നിന്നും ഉടന്‍ കോഴിക്കോടേക്കു പുറപ്പെട്ട സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ രാത്രിയില്‍ തന്നെ ഇക്ബാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
കാറിലുണ്ടായിരുന്ന സഹീറിന്റെ മകന് തലത്ത് ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലെ യാത്രാസംഘത്തില്‍ അവശേഷിക്കുന്ന ഏക വ്യക്തിയായ തലത്തില്‍ നിന്നുമാത്രമേ അപകടത്തിന്റെ യഥാര്‍ഥ ചിത്രം അറിയാന്‍ കഴിയുകയുള്ളൂ.
പുന്നോല്‍ റെയില്‍വേ ഗേറ്റില്‍ നിന്നു നോക്കിയാല്‍ കാണുന്ന ദൂരത്തിലുള്ള നാലു വീടുകളില്‍ നിന്നാണു നാലു യുവാക്കളെ വിധി തട്ടിയെടുത്തത്. മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പുന്നോലില്‍ എത്തിച്ചു പൊതുദര്‍ശനത്തിനു വച്ചശേഷം പുന്നോല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.