ഇരിട്ടി/മട്ടന്നൂർ: കോഴിക്കോട് ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ പനിക്ക് കാരണം നിപ്പ വൈറസ് ആണെന്ന് സ്ഥിരീകരിച്ചതോടെ ഇരിട്ടിയിലെയും മട്ടന്നൂരിലെയും മുഴുവൻ ജനങ്ങളും ഭീതിയിലായിരിക്കുകയാണ്.
ഇരിട്ടിക്കടുത്ത് എടക്കാനം, വള്ളിയാട്, മാടമ്പള്ളി, പെരുമ്പറമ്പ്, കപ്പച്ചേരി, പെരുവംപറമ്പ് പ്രദേശത്തെ നാട്ടുകാരുൾപ്പെടെ പഴശി പുഴയുടെ മധ്യത്തിലായി പുഴയുടെ ചുറ്റും അഞ്ച് ഏക്കറോളം സ്ഥലത്തെ അക്കേഷ്യ മരങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് മരച്ചില്ലകൾ മുഴുവൻ പതിനായിരക്കണക്കിന് വവ്വാലുകളാണ് വർഷങ്ങളായി തങ്ങളുടെ താവളങ്ങളാക്കി മാറ്റിയിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെനൂറു കണക്കിന് കുടുംബങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും ഉപയോഗിക്കുന്ന പുഴയോട് ചേർന്ന പ്രദേശമാണ് അകംതുരുത്ത് ഈ തുരുത്തിലാണ് ഒരു പ്രദേശം മുഴുവൻ ഭീതിയിലാക്കി വവ്വാലുകൾ നിറഞ്ഞിരുക്കുന്നത്.
വവ്വാലുകളുടെ കേന്ദ്രമായ മട്ടന്നൂരിലെ ഇൻസ്പെക്ഷൻ ബംഗ്ലാവായ ഐബിയിലെ മരങ്ങളാണ് വവ്വാലുകളുടെ കേന്ദ്രം. ഇവിടെയുള്ള മുഴുവൻ മരങ്ങളും വവ്വാലകളുടെ താവളമാണ്. കിണറ്റിൽ വവ്വാൽ വിസർജ്യം കലർന്ന വെള്ളം കഴിച്ചാണ് കഴിഞ്ഞ ദിവസം മൂന്ന് പേർ മരിക്കാനിടയായതെന്നാണ് പറയപ്പെടുന്നത്.
ഐബിയോടു ചേർന്നു വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. രാത്രിയിൽ ഭക്ഷണം തേടിയിറങ്ങുന്ന വവ്വാലുകൾ കിണറ്റിലും മറ്റും വിസർജിച്ചേക്കുമോ എന്ന ഭയം ജനങ്ങളെ വേട്ടയാടുകയാണ്. ഇത്രയും വലിയ വവ്വാൽ കേന്ദ്രം നഗരമധ്യത്തിൽ അപൂർവ കാഴ്ചയാണെങ്കിലും രോഗം പടർത്തുമോയെന്ന ഭീതിയാണിപ്പോൾ.