തിരുവനന്തപുരം: നിപ്പാ വൈറസുമായി ബന്ധപ്പെട്ട് പരിഭ്രാന്തിക്ക് അടിസ്ഥാനമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പരിഭ്രാന്തി പരത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. മുൻകരുതൽ എടുക്കുകയും ജാഗ്രത പുലർത്തുകയും വേണമെങ്കിലും പരിഭ്രാന്തിക്ക് ഒരടിസ്ഥാനവുമില്ല. പരിഭ്രാന്തി പരത്തുന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും മാറിനിൽക്കണം- മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങളിൽ കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.