തൂത്തുക്കുടി: തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ് ആസൂത്രിതമെന്ന് ആരോപണം. പോലീസ് വാനിന് മുകളിൽ നിന്ന് സമരക്കാർക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തായി. കമാൻഡോകൾ ആളുകളെ തെരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്ന് എംഡിഎംകെ നേതാവ് വൈകോ ആരോപിച്ചു.
പോലീസ് നടപടിക്കെതിരെ മരിച്ചവരുടെ ബന്ധുക്കളും രംഗത്തെത്തി. പോലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
തൂത്തുക്കുടി വേദാന്ത സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെയാണ് പോലീസ് വെടിവയ്പ്പ് നടത്തിയത്. ചൊവ്വാഴ്ച നടത്തിയ വെടിവയ്പിൽ സ്കൂൾ വിദ്യാർഥിനിയട ക്കം 11 പേർ കൊല്ലപ്പെട്ടു. തൂത്തുക്കുടി കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ നടത്തിയ മാർച്ചിനു നേരേയാണു പോലീസ് വെടിവച്ചത്.