മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യനാണ് മണ്ണാർക്കാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 16 പേർക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്.
33 സിസിടിവി ദൃശ്യങ്ങളും 8 മൊബൈൽ ഫോണുകളും തെളിവായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചു വാഹനങ്ങൾ തെളിവുകളും കൂട്ടത്തിൽ ഉൾപ്പെടുത്തി. 165 പേരുടെ മൊഴികൾ ഉൾപ്പെടെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. പട്ടികവർഗ പീഡന നിരോധന നിയമവും പ്രതികൾക്കെതിരേ ചുമത്തി.
ഇക്കഴിഞ്ഞ ഫെബ്രുവരിൽ 22-നാണ് മുക്കാലി കുടുകുമണ്ണ ഉൗരിലെ മല്ലി-മല്ലൻ ദന്പതികളുടെ മകൻ മധുവി(27)നെ ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം കാട്ടിൽനിന്നു പിടികൂടി കെട്ടിയിട്ടു മർദിച്ചത്. തുടർന്ന് പോലീസ് ജീപ്പിൽ കൊണ്ടുംപോകുംവഴി മധു മരിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലുകൾക്കുമേറ്റ ക്ഷതവും മുറിവുമാണ് മധുവിന്റെ മരണത്തിനു കാരണമായതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
അഗളി താവളം മേച്ചേരിയിൽ ഹുസൈൻ, മുക്കാലി സ്വദേശികളായ മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, സിദ്ദീഖ്, ഉബൈദ്, നജീബ്, ജെയ്ജു മോൻ, അനീഷ്, അബൂബക്കർ, അബ്ദുൾ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തത്.