കൂത്താട്ടുകുളം: നഗരത്തിൽ വ്യാപരസ്ഥാപനങ്ങൾ കുത്തിതുറന്നു മോഷണം പതിവാകുന്നു. തിങ്കളാഴ്ച രാത്രിയിൽ അശ്വതി കവലയ്ക്കു സമീപത്തെ രണ്ടു വസ്ത്ര വ്യപാര സ്ഥാപങ്ങളിൽ മോഷണ ശ്രമം നടന്നു. സ്ഥാപനങ്ങളിൽ ഒന്നിന്റെ ഷട്ടർ അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ മോഷ്ട്ടാവിന് കടയ്ക്കുള്ളിൽ കയറാൻ കഴിഞ്ഞില്ല.
കന്പി ഉപയോഗിച്ച് പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. അകത്തുകയറിയ സ്ഥാപനത്തിന്റെ കാഷ് കൗണ്ടർ മോഷ്ട്ടാവ് അരിച്ചുപെറുക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. തലയിൽ തോർത്തുകെട്ടി എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കടയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഒരു മാസം മുന്‍പ് നടപ്പുറം ബൈപാസിൽ രണ്ടു സ്ഥാപങ്ങൾ കുത്തിതുറന്ന് പണം കവർന്നിരുന്നു. രണ്ടു ദിവസങ്ങളിലും നടന്ന മോഷണങ്ങൾ സമാനരീതിയിലാണ്. അതുകൊണ്ടു തന്നെ രണ്ടു മോഷണങ്ങളുടെ പിന്നിലും ഒരാൾ തന്നെയാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം.
മോഷണം നടന്ന വ്യാപാര സ്ഥാപനങ്ങൾ എല്ലാം ബസ് സ്റ്റാന്‍ഡിന്റെ സമീപത്താണ്. ഈ മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യമുയർന്നിട്ട് നാളുകളായെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
മോഷണ ശ്രമങ്ങൾ പതിവായ സാഹചര്യത്തിൽ വ്യാപാര സ്ഥപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകൾ രാത്രികാലങ്ങളിൽ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു.