കോട്ടയം: കോഴിക്കോടിനും മലപ്പുറത്തിനും പുറമേ കോട്ടയത്തും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത പനിയെ തുടർന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാന്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയാണെന്ന് സംശയിക്കുന്നത്.
എന്നാൽ ഇക്കാര്യം കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
സുഹൃത്തിന്റെ വിവാഹ ചടങ്ങിന് എത്തിയ യുവാവിനെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ്പാ വൈറസ് ബാധയുടെ 60 ശതമാനം ലക്ഷണങ്ങളും യുവാവിനുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനി മൂലം യുവാവ് ക്ഷീണിതനാണ്.
ഇന്ന് രാവിലെയാണ് കലശലായ പനിയെ തുടർന്ന് പേരാന്പ്ര സ്വദേശിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. നിപ്പാ വൈറസ് ബാധയാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ഇയാൾക്ക് പ്രത്യേക നിരീക്ഷണത്തിൽ ചികിത്സ നൽകി വരികയാണ്.
അതേസമയം കോട്ടയത്തെ മലയോര മേഖലകളിൽ ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിയെ തുടർന്ന് ചികിത്സ തേടുന്നത്.