പാനൂർ: വാഹനങ്ങൾ വാടകയ്ക്കെടുത്ത് അന്യസംസ്ഥാനത്ത് എത്തിച്ച് പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്ന രണ്ടുപേർ പാനൂരിൽ അറസ്റ്റിൽ. ഇരിട്ടി മുണ്ടയാംപറമ്പിലെ അനീഷ് തോമസ് (31), ആറളം വീർപ്പാട്ടെ അനുരാജ് (30) എന്നിവരെയാണ് പാനൂർ സിഐ വി.വി.ബെന്നിയും സംഘവും അറസ്റ്റു ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചമ്പാട് പ്രിയാനിവാസിൽ പ്രിയങ്കിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇതോടെയാണ് വാഹനം വാടകയ്ക്കെടുത്ത് തട്ടിപ്പ് നടത്തുന്ന വൻറാക്കറ്റിനെ കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്.
തളിപ്പറമ്പ് സ്വദേശിയിൽ നിന്നാണ് ചമ്പാട്ടെ പ്രിയങ്ക് യുകെയിൽ നിന്നെത്തുന്ന ആളുടെ ആവശ്യത്തിനായി ഇന്നോവ കാർ വാടകയ്ക്കെടുത്തത്. ഇത് അനീഷിന് കൈമാറിയെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ മൈസൂരുവിലെത്തിച്ച് പണയപ്പെടുത്തിയതായി തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് ,പയ്യാവൂർ, ആലക്കോട്, ശ്രീകണ്ഠാപുരം സ്റ്റേഷൻ പരിധികളിലും സംഘം നിരവധി വാഹന തട്ടിപ്പ് നടത്തിയതായാണ് സൂചന. ഒൻപതോളം വാഹനങ്ങൾ തട്ടിയെടുത്തതായി വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ വ്യക്തമായിട്ടുണ്ട്.
തട്ടിപ്പുസംഘം പിടിയിലായതോടെ നിരവധിപേർ പരാതിയുമായി രംഗത്ത് എത്തിയതായും സൂചനയുണ്ട്.മൈസൂരുവിലുള്ള ഏജന്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. ചില വാഹനങ്ങൾ പൊളിച്ച് വ്യാജ ചേസിസ് നമ്പർ മാറ്റി വില്പന നടത്തിയതായും സംശയിക്കുന്നുണ്ട്.
പ്രിയങ്കിന്റെ പരാതിയിലെ നഷ്ടപ്പെട്ട വാഹനത്തിനായി പോലീസ് കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിക്കുന്ന സംഘം പ്രതിരോധത്തിനായി ക്വട്ടേഷൻ ടീമുകളെ നിർത്തുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പിടിയിലായവർക്ക് പുറമെ നിരവധി കണ്ണികൾ ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നു.