പുതിയ ചിത്രത്തിലേയ്ക്ക് പുതുമുഖങ്ങളെ തേടി നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാസ്റ്റിംഗ് കോള്‍ വലിയ വിവാദത്തിലായിരുന്നു. പുതിയ ചിത്രത്തിലേയ്ക്ക് വെളുത്ത നായകനെ തേടുന്നു എന്ന പരസ്യമാണ് വിവാദത്തിനിട നല്‍കിയത്.
അതെന്താ, കറുത്തവര്‍ക്ക് സിനിമയില്‍ അഭിനയിക്കണ്ടേ, ഈ ആധുനിക കാലഘട്ടത്തിലും ഇത്തരത്തില്‍ വര്‍ണവിവേചനം പുലര്‍ത്തുന്നത്, ശരിയല്ല തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു കീഴെ പ്രത്യക്ഷപ്പെട്ടത്.
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്റ്റെന്നും കറുപ്പും സൗന്ദര്യത്തിന്റെ ലക്ഷണമാണെന്നുമൊക്കെ ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ രംഗത്തെത്തി. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് വിജയ് ബാബു തന്നെ രംഗത്തെത്തിയിരിക്കുന്നു.
ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും പരിഹാസജനകമാണെന്നും സിനിമയില്‍ വേറെയും കഥാപാത്രങ്ങളുണ്ടെന്നും ഇപ്പോള്‍ വേണ്ട കഥാപാത്രത്തിനുവേണ്ടിയാണ് കാസ്റ്റിംഗ് കോള്‍ നടത്തിയിരിക്കുന്നതെന്നും വിജയ് ബാബു പറഞ്ഞു. വിജയ് ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെ…
ഞാന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. അതേ സിനിമയില്‍ ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. ഈ കഥാപാത്രം മാത്രമല്ല മറ്റ് ഇരുപത്തിനാല് പേരെയും കണ്ടെത്തേണ്ടതുണ്ട്.
ഇപ്പോള്‍ വേണ്ട കഥാപാത്രത്തിനുള്ള പ്രത്യേകതകളാണ് ആ കാസ്റ്റിങ് കോളില്‍ പറഞ്ഞിരിക്കുന്നത്. വിദേശത്ത് ജനിച്ചുവളര്‍ന്ന വെളുത്ത് സുമുഖനായ യുവാവ്.
ഷൂട്ട് എത്രയും വേഗം തുടങ്ങാനാണ് ഇങ്ങനെയൊരു കൃത്യമായ കാസ്റ്റിങ് കോള്‍ പോസ്റ്റ് ചെയ്തതും. ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ച് നില്ക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടത് സുന്ദരനും മിടുക്കനുമായ വിദേശത്ത് പഠിച്ചുവളര്‍ന്ന ആളുടെ നടപ്പും വര്‍ത്തമാനവും ഉള്ള നായകനെയാണ്.