ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ചെങ്ങന്നൂരിലേക്ക് നേതാക്കളുടെ പ്രവാഹം. എൽഡിഎഫിനായി മുഖ്യമന്ത്രി പിണറായി വിജയനും എല്ലാ മന്ത്രിമാരും പ്രചരണ രംഗത്തെത്തി. സിപിഎമ്മിന്റെ എല്ലാ എംപിമാരും എംഎൽഎമാരും സംസ്ഥാന ജില്ലാ നേതാക്കളും ആഴ്ചകളായി ചെങ്ങന്നൂരിലെ പ്രചരണ രംഗത്ത് സജീവമാണ്.
യുഡിഎഫിനായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ, മുൻ പ്രസിഡന്റുമാരായ വി.എം.സുധീരൻ, കെ.മുരളീധരൻ തുടങ്ങിയവരും യുഡിഎഫ് എംപി മാർ, എംഎൽഎ മാർ, കെപിസിസി, ഡിസിസി നേതാക്കൾ എന്നിവരുമാണ് പ്രചരണത്തിന് നേതൃത്വം നൽകുന്നത്.
ബിജെപിയ്ക്കായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ദേശീയ സെക്രട്ടറി ഡി.രാജ, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എംപി,സി.കെ.പത്മനാഭൻ, എം.റ്റി.രമേശ് തുടങ്ങിയവർ ചെങ്ങന്നൂരിൽ ക്യാന്പ് ചെയ്താണ് പ്രചാരണ പരിപാടികൾക്ക് ചുക്കാൻപിടിക്കുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ അവസാനറൗണ്ടിൽ പ്രചാരണത്തിന് എത്തും.
സിനിമാ താരങ്ങൾക്കും ചെങ്ങന്നൂരിലെ പ്രചരണത്തിൽ കുറവില്ലായിരുന്നു. താരങ്ങളിൽ താരമായത് സുരേഷ്ഗോപിയായിരുന്നു .മുകേഷ് എംഎൽഎ, ജഗദീഷ്, കെപിഎസി ലളിത, സംവിധായകൻ രാജസേനൻ, എന്നിവരാണ് മുഖ്യമായും എത്തിയത്. കൂടാതെ എല്ലാ തരത്തിലുള്ള കലാരൂപങ്ങളും അരങ്ങ് തകർത്തു. എന്നാൽ ഇതിനെയെല്ലാം വെല്ലുന്ന താരശോഭ ലഭിച്ച നേതാക്കളായിരുന്നു വിഎസും ആന്റണിയും
അണികളിൽ ആവേശ കൊടുങ്കാറ്റ് ഉയർത്തി വിഎസ്.
രാഷ്ട്രീയ നേതാക്കളിൽ വിഎസിന്റെ താരമൂല്യം ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വേദി. ചെങ്ങന്നൂർ മണ്ഡലത്തിൽ നാല് പൊതുയോഗങ്ങളിലാണ് വിഎസ് പങ്കെടുത്തത്. നാലിടത്തും വിഎസിനെ കാണുവാനും പ്രസംഗം കേൾക്കുവാനുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണെത്തിയത്. ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ആളുകൾ കൂടിയ പൊതുയോഗവും വിഎസിന്േറതായിരുന്നു.
പലയിടങ്ങളിലും കാറിൽ നിന്ന് വിഎസിനെ സ്റ്റേജിൽ എത്തിക്കുവാൻ പോലീസും വോളന്റിയേഴ്സും കഷ്ടപ്പെടേണ്ടി വന്നു. നീട്ടിയും കുറുക്കിയും ആവർത്തിച്ചുമുള്ള പതിവ് ശൈലി പ്രസംഗം വൻ കൈയടിയാണ് ഒരോ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നത്.വിഎസ് എത്തിയപ്പോഴും തിരികെ പോയപ്പോഴും ആവേശത്തോടെയുള്ള മുദ്രാവാക്യങ്ങൾ മുഴകി. ബിജെപിയെ കണക്കിന് പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രസംഗത്തിൽ അധികവും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നാളെയുമായി 11 കേന്ദ്രങ്ങളിലാണ് പ്രസംഗിക്കുന്നത്.
അണികളിൽ പുത്തൻ ഉണർവ്വ് പകർന്ന് ഏ.കെ. ആന്റണി
താരശോഭയോടെ തിളങ്ങി നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം നേതാവാണ് ഏ.കെ. ആന്റണി. ഡൽഹി കേന്ദ്രമാക്കിയ ശേഷം കേരളത്തിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അവസാന തുറപ്പ് ചീട്ടെന്ന തരത്തിൽ ആന്റണി പ്രചരണത്തിനിറങ്ങുന്നത് പതിവാണ്. മണ്ഡലത്തിലെ ആദ്യദിന പരിപാടിയിൽ തന്നെ എല്ലായിടങ്ങളിലും ആവേശപൂർവ്വമായ വരവേൽപ്പാണ് നൽകിയത്. മണ്ഡലത്തിൽ ഏഴിടങ്ങളിലാണ് ആന്റണി പരിപാടികൾ ഉണ്ടായിരുന്നത്.
അതിൽ ഇന്നലെ നാലും ഇന്ന് മൂന്നും യോഗങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. ഇന്നലെ നാലാമത്തെ യോഗം മാന്നാർ പരുമലക്കടവിൽ ആയിരുന്നു. രാത്രി ഏഴിനെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ആറോടെ തന്നെ പ്രവർത്തകർ ഇവിടേക്ക് എത്തി കൊണ്ടിരുന്നു.
രാത്രി ഒന്പതോടെയാണ് അന്റണി ഇവിടെ എത്തിയത്. അപ്പോഴും ആവേശത്തോടെ എതിരേൽക്കുവാൻ വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നുവെന്നതാണ് പ്രത്യേകത. ആന്റണിയുടെ വരവ് അണികൾക്കും നേതാക്കൾക്കും പുത്തൻ ഉണർവ്വാണ് ലഭിച്ചത്. അരമണിയ്ക്കൂറോളമുള്ള പ്രസംഗവും കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.
എൻഡിഎ താരമായി ബിപ്ലവ് കുമാർ
എൻഡിഎ പ്രചാരണത്തിന്റെ അവസാന ആയുധമായി രംഗത്തെത്തിച്ചിരിക്കുന്നത് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെയാണ്. ഇന്ന് ചെങ്ങന്നൂർ മണ്ഡലത്തിലെ നാല് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. നിരവധി വിവാദ പ്രസംഗങ്ങൾ നടത്തിയതിന് ട്രോളർമാർ ആഘോഷിച്ച ബിപ്ലവ് കുമാർ എത്തുന്നതുമായി ബന്ധപ്പെട്ടും നിരവധി ട്രോളുകൾ ഇറങ്ങിയിട്ടുണ്ട്.
എന്നാൽ സിപിഎം ഭരണത്തെ ഉൻമൂലനം ചെയ്ത് അധികാരത്തിൽ എത്തിയ മുഖ്യമന്ത്രി എത്തുന്നതിന്റെ വ്യാപക പ്രചാരണങ്ങളാണ് ബിജെപി നൽകിയിരിക്കുന്നത്. വൻ ജനകൂട്ടത്തെയാണ് ബിജിപി ഇദ്ദേഹത്തിന്റെ യോഗങ്ങളിൽ പ്രതീക്ഷിക്കുന്നത്.