ഏറ്റുമാനൂർ: ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണ്‍ കത്തിചാന്പലായി. ആറു കോടിയോളം രൂപയുടെ നഷ്ടം. ഏറ്റുമാനൂർ തെള്ളകത്ത് ഫർണിച്ചർ വ്യാപാരികളായ ബിഗ് സിയുടെ ഗോഡൗണിൽ ഇന്ന് വെളുപ്പിന് 2.45നാണ് അഗ്നിബാധയുണ്ടായത്.
തടികൊണ്ടുള്ള ഫർണിച്ചറുകളുടെയും ഫോം മെത്ത, ടിവി, ഫ്രിഡ്ജ്, എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ തുടങ്ങിയവയുടെയും വൻശേഖരം ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗണിൽ ഒന്നും അവശേഷിക്കാതെ പൂർണമായും കത്തിനശിച്ചു. ഇരുന്പ് കേഡറും ഷീറ്റുകളും ഉപയോഗിച്ച് നിർമിച്ച ഗോഡൗണ്‍ കത്തി നിലംപതിച്ചു. കൂറ്റൻ ഇരുന്പ് കേഡറുകൾ പോലും ചൂടിൽ ഉരുകി വളഞ്ഞു.
എം സി റോഡരികിൽ സുലഭ ഹൈപ്പർ മാർക്കറ്റിന് പിന്നിലാണ് വിശാലമായ ഷോറൂം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിഗ് സിക്കുള്ള ഏഴ് ഷോറൂമുകളിലേക്കുമുള്ള ഫർണിച്ചറുകളും വീട്ടുപകരണങ്ങളും ഇവിടെയാണ് സൂക്ഷിക്കുന്നത്. തേക്കിൽ തീർത്ത ഫർണിച്ചറുകളുടെയും വിവിധ കന്പനികളുടെ ബെഡുകളുടെയും വൻശേഖരം ഗോഡൗണിൽ ഉണ്ടായിരുന്നു. ഇവയിൽ നിന്ന് തീ അതിവേഗം പടരുകയായിരുന്നു.
തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് ഗോഡൗണിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. അവരാണ് ഫയർഫോഴ്സിനെയും ബിഗ് സി ഉടമ ടെറിൻ കുഞ്ചറക്കാട്ടിലിനെയും വിവരമറിയിച്ചത്. കോട്ടയം, പാല, കടുത്തുരുത്തി, വൈക്കം, ചങ്ങനാശേരി തുടങ്ങിയ സ്റ്റേഷനുകളിൽ നിന്ന് പത്തിലേറെ ഫയർ എഞ്ചിനുകൾ തീയണക്കാൻ പരമാവധി ശ്രമിച്ചു.
ഗോഡൗണിന്റെ മേൽക്കൂര നിലംപൊത്തിയതോടെ ഫയർഫോഴ്സിന്റെ പ്രവർത്തനം ശ്രമകരമായി. ഫയർ എഞ്ചിനുകളിലെ വെള്ളം തീർന്നതോടെ തൊട്ടടുത്തുള്ള രണ്ട് സ്വകാര്യാശുപത്രികളിൽ നിന്നാണ് വെള്ളം ശേഖരിച്ചത്. മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചെങ്കിലും ഗോഡൗണിൽ ഉണ്ടായിരുന്ന സാമഗ്രികൾ ഏകദേശം പൂർണമായിത്തന്നെ കത്തി നശിച്ചു.
രാവിലെ ഏഴു മണിയോടെയാണ് തീ പൂർണമായും അണച്ചു തീർന്നത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ ഉണ്ടായ ഇടിമിന്നലാണോ അതോ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണോ കാരണമെന്നു സംശയിക്കുന്നതായി ഉടമ ടെറിൻ കുഞ്ചറക്കാട്ടിൽ പറഞ്ഞു.