ഷൊർണൂർ: ഭാരതപ്പുഴയിൽ അപകടകാരിയായ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിക്കുന്നതായി കണ്ടെത്തിയ പഠനറിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. ചെറുമുണ്ടശേരി സ്കൂളിലെ ശാസ്ത്രാധ്യാപകനായ കെ. അച്യുതാനന്ദനാണ് ഇതു സംബന്ധിച്ച പഠനങ്ങൾ നടത്തിയത്.
പുഴയിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് അച്യുതാനന്ദൻ വ്യക്തമാക്കി. പട്ടാന്പി സ്റ്റാൻഡ്, ഷൊർണൂർ പള്ളം, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെ വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കേരള ജല അഥോറിറ്റിയുടെ ക്വാളിറ്റി കണ്ട്രോൾ ലാബിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ 2017- 18 കാലയളവിൽ പട്ടാന്പിയിൽ 100 മില്ലി വെള്ളത്തിൽ 1100 എന്ന തോതിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി. ഷൊർണൂർ പള്ളത്ത് 100 മില്ലി വെള്ളത്തിൽ 35 എന്ന തോതിലും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് 20 എന്ന തോതിലും ബാക്ടീരിയകളെ കണ്ടെത്തി.
കോളിഫോമിനൊപ്പം മറ്റൊരു പ്രശ്ന ബാക്ടീരിയയായ ഇ- കോളിയുടെ സാനിധ്യവും സ്ഥിരീകരിച്ചു. പട്ടാന്പിയിൽ 35, ഷൊർണൂർ പള്ളം- 15, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരം – 4 എന്ന തോതിലാണ് ഇ- കോളി ബാക്ടീരിയയെ കണ്ടെത്തിയത്.
ഇതുസംബന്ധിച്ച് ഉന്നത ജനപ്രതിനിധികൾക്ക് റിപ്പോർട്ട് നല്കിയെങ്കിലും നടപടി ഉണ്ടായില്ല. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ പ്രധാന കുടിവെള്ള സ്രോതസുകൂടിയാണ് ഭാരതപ്പുഴ. മനുഷ്യ വിസർജ്യവും അറവുമാലിന്യങ്ങളും പുറംതള്ളുന്ന കുപ്പത്തൊട്ടിയായി ഭാരതപ്പുഴയെ മാറ്റിയതാണ് പ്രശ്നങ്ങൾക്ക് മുഖ്യ കാരണം.
ചപ്പുചവറുകൾ നിക്ഷേപിക്കുന്ന പ്രധാന കേന്ദ്രമായി മാറിയ ഭാരതപ്പുഴയിലെ വെള്ളമാണ് മൂന്നു ജില്ലകളിലും കുടിവെള്ളമായി ഉപയോഗിക്കുന്നത്. ചെറുതും വലുതുമായി നൂറിനു പുറത്ത് കുടിവെള്ള പദ്ധതികൾ ഭാരതപ്പുഴയെ ആശ്രയിച്ചു പ്രവർത്തിക്കുന്നുണ്ട്.