ചാലക്കുടി: ഐടി എൻജിനിയർമാരായ ദന്പതികളുടെ കുടുംബകലഹം ഭാര്യയുടെ കൊലപാതകത്തിൽ കലാശിച്ചു. പടിഞ്ഞാറെ ചാലക്കുടി മനപ്പടി ഭാഗത്തു താമസിക്കുന്ന കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യ(33) യുടെ മരണം സ്വന്തം ഭർത്താവിന്റെ കൈകൾകൊണ്ടുതന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഐടി എൻജിനിയർമാരായ ലൈജുവിന്റെയും സൗമ്യയുടെയും കുടുംബജീവിതം താളപ്പിഴകൾ നിറഞ്ഞതായിരുന്നു. 13 വർഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഐടി എൻജിനിയറായിരുന്ന ലൈജുവിന് അമേരിക്കയിലായിരുന്നു ജോലി. സൗമ്യ കൊച്ചി പാലാരിവട്ടത്ത് ഐടി കന്പനിയിലെ മാനേജരുമാണ്. ആറുമാസം മുന്‍പ് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ലൈജു കൊരട്ടി ഇൻഫോപാർക്കിലുള്ള ഐടി കന്പനിയിൽ ജോലിക്കു കയറുകയായിരുന്നു.
മദ്യത്തിന് അടിമയായിരുന്നു ലൈജുവെന്നു ബന്ധുക്കൾ പറയുന്നു. സ്ഥിരം മദ്യപിച്ചു വീട്ടിൽ വരുന്ന ലൈജു എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു ഭാര്യയെ മർദിക്കുന്നതു സ്ഥിരംസംഭവമായിരുന്നു. അയൽവാസികളുമായി കൂടുതൽ അടുപ്പം കാണിക്കാതിരുന്ന ഇവരുടെ കുടുംബത്തിലെ പ്രശ്നങ്ങളിൽ ആരും ഇടപെടാറില്ല.
എട്ടുവയസുകാരനായ മകൻ ആരോണ്‍ എല്ലാത്തിനും മൂകസാക്ഷിയായിരുന്നു. ഭർത്താവിന്റെ ക്രൂരമർദനങ്ങൾമൂലം സഹികെട്ടപ്പോൾ സൗമ്യ സ്വന്തം വീട്ടുകാരേയും ഭർത്താവിന്റെ വീട്ടുകാരേയും വിവരങ്ങൾ അറിയിച്ചിരുന്നു. ഇരുവീട്ടുകാരും ലൈജുവിനെ ഉപദേശിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇയാൾ ഇതിനു ചെവികൊടുക്കാറില്ല.
സൗമ്യ ഭർത്താവിന്റെ വീട്ടുകാരുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നാൽ വീട്ടുകാരുമായി വഴക്കിട്ടിരുന്ന ലൈജുവിന് ഇതൊട്ടും ഇഷ്ടമായിരുന്നില്ല. വിദേശത്തു ജോലിചെയ്യുന്ന ലൈജുവിന്റെ സഹോദരൻ ക്രിസ്റ്റോയുടെ വിവാഹമായിരുന്നു ശനിയാഴ്ച. വിവാഹത്തിൽ പങ്കെടുക്കാൻ സൗമ്യ താൽപര്യം കാണിച്ചെങ്കിലും ലൈജു സമ്മതിച്ചിരുന്നില്ല.
എന്നാൽ വിവാഹത്തിനു പോകാൻ സൗമ്യ ഒരുങ്ങിയപ്പോൾ ഭർത്താവ് സമ്മതിച്ചില്ല. ഇതിന്റെ പേരിൽ സൗമ്യയെ ലൈജു ക്രൂരമായി മർദിച്ചിരുന്നു. മർദനത്തെതുടർന്ന് മുഖത്തേറ്റ പരിക്കുകൾ മൊബൈൽ ഫോണിൽ സൗമ്യ ഭർത്താവിന്റെ ബന്ധുക്കളിൽ ചിലരെ കാണിച്ചിരുന്നു. സഹോദരൻ ക്രിസ്റ്റോയുടെ മനസമ്മതത്തിൽ പങ്കെടുക്കാൻ സൗമ്യ പോയിരുന്നു. എന്നാൽ ലൈജു പങ്കെടുത്തില്ല. തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചത്.
ചൊവ്വാഴ്ച രാത്രി സൗമ്യയും എട്ടുവയസുള്ള മകൻ ആരോണും ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. നേരം പുലർന്ന് ആരോണ്‍ ഉറക്കമുണർന്നപ്പോൾ ഒപ്പം കിടന്നിരുന്ന അമ്മയെ കാണാനില്ലായിരുന്നു. അടുത്ത മുറിയിൽ നോക്കിയപ്പോൾ മുറി അടഞ്ഞുകിടക്കുകയായിരുന്നു. അച്ഛനും അമ്മയും ഒന്നിച്ചുറങ്ങുകയാണെന്നാണ് ആരോൺ കരുതി യത്.
നേരം ഏറെ വൈകിയിട്ടും മുറി തുറക്കാതെയായപ്പോൾ പലതവണ തട്ടിനോക്കിയെങ്കിലും യാതൊരനക്കവും ഉണ്ടായിരുന്നില്ല. രാവിലെ മുതൽ ഭക്ഷണമൊന്നും കഴിക്കാതിരുന്ന ആരോണ്‍ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഉച്ചകഴിഞ്ഞു വീണ്ടും മുറി തുറക്കാതായപ്പോൾ സൗമ്യയുടെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലുള്ള വീട്ടിലേക്കു ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാരെത്തി മുറിതുറക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. സൗമ്യയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച. ബന്ധുക്കൾക്കെല്ലാം കേക്കുമുറിച്ച് സൗമ്യ മധുരം പങ്കുവച്ചതിന്റെ ഓർമയിൽ വിതുന്പുകയാണ് ബന്ധുക്കൾ.
സൗമ്യയുടെ ശരീരത്തിൽ 12 മുറിവുകൾ
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടിയിൽ ഭർത്താവിന്റെ വെട്ടേറ്റുമരിച്ച കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യ(33)യുടെ മൃതദേഹത്തിൽ 12 മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തി. മരണത്തിനു കാരണമായത് കഴുത്തിൽ കാണപ്പെട്ട രണ്ടു വലിയ മുറിവുകളാണ്. മറ്റുള്ള മുറിവുകൾ മുഖത്തും കൈകളിലുമാണ്. മൃതദേഹം കിടന്നിരുന്ന കിടപ്പുമുറിയിൽ രക്തം തളംകെട്ടി കട്ടപിടിച്ചുകിടക്കുകയായിരുന്നു.
രാവിലെ സിഐ സി.ഹരിദാസ്, എസ്ഐ ജയേഷ്ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. ഫോറൻസിക് പരിശോധനയ്ക്കുശേഷമാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
കൈയുടെ ഞരന്പുകളിലും കഴുത്തിലും മുറിവേല്പിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭർത്താവ് ലൈജു സെന്റ് ജെയിംസ് ആശുപത്രിയിൽ പോലീസ് കാവലിലാണ് കഴിയുന്നത്. കൊലപാതകത്തിനുപയോഗിച്ച കത്തി കിടപ്പുമുറിയിൽനിന്നും പോലീസ് കണ്ടെടുത്തു.