കൊല്ലം: ഗുജറാത്തിലെ രാജ്കോട്ടില്‍ ദളിത് ദമ്പതികളെ അതിദാരുണമായി മര്‍ദിക്കുകയും ഓടി രക്ഷപെടാന്‍ അനുവദിക്കാതെ മുകേഷ് വാണിയ എന്ന യുവാവിനെ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡ് കൊണ്ട് മൃഗീയമായി തല്ലിച്ചതച്ചു കൊന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിപ്പിക്കുന്ന കൊലപാതകമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അഭിപ്രായപ്പെട്ടു.
മുകേഷ് വാണിയ ജോലി ചെയ്തിരുന്ന ഫാക്ടറി ഉടമയുടെ നിര്‍ദേശ പ്രകാരമാണ് ഏതാനും ഫാക്ടറി ജീവനക്കാര്‍ ദളിത് യുവാവിനെ മര്‍ദിച്ചു കൊന്നത്. യുവാവിന്റെ ഭാര്യ ഗുരുതരമായി മര്‍ദനമേറ്റ് ആശുപത്രിയിലാണ്.
ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്ക് സുരക്ഷിതത്വമില്ലായെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഗുജറാത്തിലെ രാജ്കോട്ടില്‍ നടന്ന ദളിത് പീഡനം.
ബിജെപി ഭരണത്തിന് കീഴില്‍ സവര്‍ണ വര്‍ഗക്കാര്‍ ദളിതരെ മൃഗങ്ങളെക്കാള്‍ ഭീകരമായി തല്ലിക്കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദളിത് വിഭാഗങ്ങളെക്കാള്‍ വോട്ട് ബാങ്കിന് വേണ്ടി സവര്‍ണ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന ബിജെപി നേതാക്കളുടേയും മോദി സര്‍ക്കാരിന്റെയും നടപടി രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്കി.