ശ്രീകണ്ഠപുരം: ഇരിക്കൂർ ബസ് സ്റ്റാൻഡിലെത്തുന്നവർ ഇപ്പോൾ ആദ്യം ഒന്നമ്പരക്കും. ബസ് സ്റ്റാൻഡിന്റെ ഭൂരിഭാഗം സ്ഥലവും കൈയടക്കിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങൾ. ബസ് സ്റ്റാൻഡിൽ കയറാൻ കഴിയാതെ ബസുകൾ പുറത്ത് സംസ്ഥാന പാതയോരത്ത് നിർത്തിയിടേണ്ട അവസ്ഥയായതോടെ ബസുകളെത്തേടി പരക്കം പായേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മിക്ക ദിവസങ്ങളിലും ബസ് സ്റ്റാൻഡിലെ അവസ്ഥ ഇതാണ്.
അനധികൃത പാർക്കിംഗ് വ്യാപകമായതോടെ ആറ് മാസം മുമ്പ് ഇരിക്കൂർ പോലീസ് ഇവിടെ ‘നോ പാർക്കിംഗ് ‘ ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡ് കൈയടക്കിയതോടെ ബോർഡ് പോലും കാണാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
ബോർഡ് സ്ഥാപിച്ച ആദ്യ ദിവസങ്ങളിൽ ഇവിടെ ഹോം ഗാർഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ 25 മീറ്റർ മാത്രം ദൂരെയുള്ള പേലീസ് സ്റ്റേഷനിൽ നിന്ന് ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞ് നോക്കാറില്ല.
ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാൻഡുമുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പ് മുട്ടുന്ന ബസ് സ്റ്റാൻഡിൽ അനധികൃത പാർക്കിംഗും കൂടിയാവുന്നതോടെ ബസുകളും യാത്രക്കാരും വൻ ദുരിതമനുഭവിക്കുകയാണ്. ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കും പതിവാണ്.
ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിംഗ് തടയണമെന്നാവശ്യപ്പെട്ട് യാത്രക്കാർ പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാൻ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.