മട്ടന്നൂർ: നിക്ഷേപകരെ വഞ്ചിച്ചു ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പേരെ കസ്റ്റഡിയിൽ വാങ്ങി മട്ടന്നൂർ പോലീസ് അറസ്റ്റു രേഖപ്പെടുത്തി. തളിപ്പറമ്പിലെ എ.സുരേഷ് ബാബു (47), കാസർഗോഡ് ചെമ്മനാട് സ്വദേശി എം.കുഞ്ഞി ചന്തു ( 58) എന്നിവരെയാണ് മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുന്നത്.
മട്ടന്നൂർ – ഇരിട്ടി റോഡിൽ ഇന്ദിരാനഗറിൽ പ്രവർത്തിച്ചിരുന്ന സിഗ്ടെക് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ഏച്ചൂർ ചേലോറയിലെ ടി.പി.സവിത നൽകിയ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനു വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് സുരേഷ് ബാബുവും കുഞ്ഞി ചന്തുവും. തളിപ്പറമ്പിലെ നിക്ഷേപകർ നൽകിയ പരാതിയെ തുടർന്നു അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. മട്ടന്നൂരിലും സ്ഥാപനം തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്.
നിക്ഷേപത്തിനു ഒരു വർഷത്തേക്ക് 13 ശതമാനം പലിശ നൽകാമെന്നും അഞ്ച് വർഷം തികഞ്ഞാൽ നിക്ഷേപത്തിന്റെ ഇരട്ടി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് മാർക്കറ്റിംഗിലേക്ക് സമീപിക്കുന്നത്.ആറര ലക്ഷം രൂപ നിക്ഷേപിച്ച സവിത ഒരു വർഷം കാലാവധി കഴിഞ്ഞപ്പോൾ ഓഫീസിൽ പോയി ചെക്ക് വാങ്ങിയെങ്കിലും ബാങ്ക് അക്കൗണ്ടിൽ പണമില്ലാതെ വന്നതോടെ ചെക്ക് മടങ്ങുകയായിരുന്നു.
വീണ്ടും ഓഫീസിൽ പോയെങ്കിലും അടഞ്ഞു കിടക്കുകയായിരുന്നുവെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 50 ഓളം പേർ പണം നിക്ഷേപിച്ചതായാണ് പോലീസിനു ലഭിച്ച വിവരം. കസ്റ്റഡിയിൽ വാങ്ങി അറസ്റ്റു രേഖപ്പെടുത്തിയവരെ മട്ടന്നൂ രി ലെ സ്ഥാപനത്തിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. എഎസ്ഐ വി.എൻ.വിനോദ് , സിവിൽ പോലീസ് ഓഫീസർ ടി.പി.സജീഷ്, പി.ഷിനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.