തിരുവനന്തപുരം: കോഴിക്കോട്ട് നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ എടുത്ത നടപടികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ചീഫ് സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും.
സർക്കാർ മുഖേന എത്തിച്ച മരുന്നുകൾ വിതരണം ആരംഭിച്ചു കഴിഞ്ഞു. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എംപിമാർ, എംഎൽഎമാർ എന്നിവരുടെ യോഗം കോഴിക്കോട് കളക്ട്രേറ്റിൽ ചേരും.
മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ, എ കെ.ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കളക്ട്രേറ്റിൽ ചേരുന്നുണ്ട്.
നിപ്പാ വൈറസുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്താനും മുൻകരുതൽ നടപടികൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവിൽ സർക്കാർ എടുത്ത നടപടികളിൽ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി പോൾ ആൻറണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം.ശിവശങ്കർ, ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.