കോട്ടയം: അതിരന്പുഴ, ഏറ്റുമാനൂർ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ സംഘം വിലസുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു യുവാക്കളെയാണു കഞ്ചാവുമായി ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. പിടികൂടിയ മൂന്നു പേരും ഏറ്റുമാനൂർ, അതിരന്പുഴ, നീണ്ടൂർ, മെഡിക്കൽ കോളജ്, അയ്മനം തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നവരാണ്.
അതിരന്പുഴ ഗവ. ആശുപത്രിക്ക് സമീപത്തുനിന്നും അതിരന്പുഴ ജംഗ്ഷനിലെ ബാറിനു സമീപത്തു നിന്നുമാണു കഞ്ചാവ് വിപ്നക്കാരായ കുമരകം സ്വദേശികളെ പോലീസ് പിടികൂടിയത്. ഇവർ സ്ഥിരമായി ഇവിടങ്ങളിൽ എത്തി ആവശ്യക്കാർക്കു കഞ്ചാവ് നല്കുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീക്കിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പോലീസ് സംഘം ഇവരെ പിടികൂടിയത്.
ഏറ്റുമാനൂർ പോലീസ് പിടികൂടിയ തൊടുപുഴ സ്വദേശിയായ കഞ്ചാവ് വില്പനക്കാരനും സ്ഥിരമായി ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചുനല്കിയിരുന്നയാളാണ്. ഇയാൾ ആഢംബര കാറിലെത്തിയാണു കഞ്ചാവ് വില്പന നടത്തിയിരുന്നത്.
പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണു ഏറ്റുമാനൂർ, അതിരന്പുഴ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ വലവിരിച്ചിരിക്കുന്നതെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പ്രദേശത്ത് കഞ്ചാവ് മാഫിയായുടെ പ്രവർത്തനങ്ങൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ എക്സൈസ് അധികൃതരും പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.
പോലീസ് രാത്രികാലങ്ങളിലും പകൽസമയങ്ങളിലും മഫ്തിയിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.അതിരന്പുഴയ്ക്കും ഏറ്റുമാനൂരിനും പുറമേ കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ അരങ്ങ് വാഴുകയാണ്. കുട്ടികൾക്ക് സൗജന്യമായി കഞ്ചാവ് നൽകുന്നവർ മുതൽ മാഫിയകൾ തമ്മിൽ ഏറ്റുമുട്ടുന്നവർ വരെ ഇവിടെ സജീവമാണ്.
എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ കഞ്ചാവ്മാഫിയകളെ അടിച്ചമർത്തുന്നതിൽ പരാജയപ്പെടുകയാണെന്നും പരക്കെ ആക്ഷേപമുണ്ട്. ഒറ്റപ്പെട്ട നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും വൻകിട മാഫിയകളെ പിടികൂടുന്നതിൽ പരാജയപ്പെടുകയാണ്.
കഞ്ചാവ് മാഫിയകൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ ഒറ്റുകൊടുക്കുന്ന വിഷയങ്ങളിലാണു പോലീസിനും എക്സൈസിനും കഞ്ചാവ് വിൽപ്പനക്കാരെ പിടികൂടാൻ സാധിക്കുന്നതെന്നും പറയപ്പെടുന്നു. കോട്ടയം നഗരത്തിൽ നാഗന്പടം കേന്ദ്രീകരിച്ചു വൈകുന്നേരങ്ങളിൽ വൻതോതിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി സൂചന.
ഇക്കാര്യങ്ങൾ അറിയാമായിട്ടും പോലീസ് പരിശോധന നടത്താൻ പോലും തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കോട്ടയത്തെയും അതിരന്പുഴയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളെ പിടികൂടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.