കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ്പാ വൈറസിനുകാരണം വവ്വാലുകളോ അതോ മലേഷ്യേയോ… നിപ്പാവൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുമ്പോള്‍ ഊ രണ്ടു സാധ്യതകളാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പരിശോധിക്കുന്നത്.
തുടക്കത്തില്‍ പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ കിണറ്റിലുണ്ടായിരുന്ന വവ്വാലുകളാണ് രോഗവാഹകരെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും നിപ്പാ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയതെന്ന സംശയവും ബലപ്പെടുന്നു.
ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചനയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പിന് ലഭിച്ചത്.സാബിത്ത് നാട്ടിലെത്തിയത് രോഗലക്ഷണങ്ങളോടെയാണെന്നും പരിസരവാസികള്‍ പറയുന്നു..
എന്‍ജിനിയറായ സാബിത്ത് വിദേശത്തായിരുന്നു എന്നുമാത്രമാണ് നേരത്തെ പരിസരവാസികള്‍ക്ക് അറിയാമായിരുന്നത്. കുടുംബവുമായി നാട്ടുകാര്‍ക്ക് അധികം ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുമായിരുന്നില്ല. നിപ്പാ നാടിന് മുഴുവന്‍ ഭീഷണിയായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.
മലേഷ്യയിലായിരുന്ന സാബിത് അവിടെ വച്ച് രോഗബാധിതനായി. പനിയും ശക്തമായ വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യയില്‍ ചികിത്സ തേടി.
താത്കാലിക മരുന്ന് നല്‍കിയശേഷം എത്രയും വേഗം നാട്ടിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നാട്ടിലെത്തിയ സാബിത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിയില്‍ ചികിത്സ തേടി.രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ദിവസങ്ങള്‍ കഴിഞ്ഞതോടെ സഹോദരന് സ്വാലിഹില്‍ രോഗലക്ഷണം കണ്ടു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാലിഹിന്റെ രക്തപരിശോധനയിലാണ് നിപ സാന്നിധ്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സ്വാലിഹിന്റെ അച്ഛന് മൂസയ്ക്കും മൂസയുടെ മൂത്ത സഹോദരന് മൊയ്തീന് ഹാജിയുടെ ഭാര്യ മറിയത്തിനും രോഗം ബാധിച്ചു.
സ്വാലിഹും മറിയവും മരിച്ചു. മൂസ ഇന്നലെ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചവരില്‍ ശേഷിക്കുന്നവരെല്ലാം പേരാമ്പ്ര താലൂക്ക് ആശുപത്രി, സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ വച്ച് ഇവരുമായി ബന്ധപ്പെട്ടവരാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ച നഴ്സിംഗ് വിദ്യാര്‍ഥിനി മെഡിക്കല്‍കോളജില്‍ സാബിത്ത് ചികിത്സയിലുണ്ടായിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളാണ്. ചങ്ങരോത്ത് പഞ്ചായത്തിലെ മറ്റാര്‍ക്കും രോഗബാധ ഉള്ളതായി വിവരമില്ല. നിരവധിപേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചെങ്കിലും ആരിലും രോഗലക്ഷണം കണ്ടെത്താനായില്ല.
ഇതാണ് നാട്ടുകാരില്‍ സംശയം ബലപ്പെടുത്തുന്നത്. അതേസമയം കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ് ഹോനപ്പഗോലിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും. ഉറവിടം കണ്ടെത്തിയാല്‍ മാതമേ രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്ജിതമാകൂഎന്നതിനാല് ഇതിനായുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍ .