സിജോ പൈനാടത്ത്
കൊച്ചി: പുതിയ പാസ്പോർട്ടുകളും അടിയന്തിരമായി ലഭിക്കേണ്ട തപാൽ ഉരുപ്പടികളും തപാൽ സമരത്തിൽ കുടുങ്ങി. സ്വീകർത്താവിനു വേഗത്തിൽ ലഭിക്കുന്നതിന് അയച്ച സ്പീഡ് പോസ്റ്റുകൾ ഉൾപ്പടെ തപാൽ സേവനങ്ങളെല്ലാംതന്നെ നിലച്ച സ്ഥിതി. 22നാരംഭിച്ച ദേശീയ തപാൽ സമരം കേരളത്തിൽ ഉൾപ്പടെ ഗ്രാമീണ, നഗര മേഖലകളിലെ ഗുണഭോക്താക്കളെ വലയ്ക്കുകയാണ്.
സംസ്ഥാനത്തെ അന്പതോളം ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഉപ തപാൽ ഓഫീസുകളിലും കത്തുകളും മറ്റു തപാൽ ഉരുപ്പിടികളും കെട്ടിക്കിടക്കുകയാണ്. രാജ്യത്തു തപാൽ വകുപ്പിലെ രണ്ടര ലക്ഷത്തോളം ഗ്രാമീണ് ഡാക്ക് സേവകുമാരുടെ (ജിഡിഎസ്) സേവന, വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ടാണു സമരം.
ഇവരുൾപ്പടെ അഞ്ചു ലക്ഷത്തോളം തപാൽ ജീവനക്കാരാണു സമരം ചെയ്യുന്നത്. കേരളത്തിൽ അര ലക്ഷത്തോളം പേർ സമരരംഗത്തുണ്ടെന്നു ജീവനക്കാരുടെ സംഘടനകളായ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയിസ് (എൻഎഫ്പിഇ), എഐപിആർപിഎ എന്നിവയുടെ ഭാരവാഹികൾ അവകാശപ്പെട്ടു.
മണിഓർഡർ, രജിസ്റ്റേർഡ് തപാൽ ഉരുപ്പടികൾ എന്നിവയുടെ ബുക്കിംഗും വിതരണവും നടക്കുന്നില്ല. സ്പീഡ് പോസ്റ്റുകളോ രജിസ്റ്റേർഡ് തപാലുകളോ പോസ്റ്റ് ഓഫീസുകളിൽ സ്വീകരിക്കുന്നില്ല. തപാൽ ബോക്സുകളിൽനിന്ന് ഉരുപ്പടികൾ ശേഖരിക്കേണ്ടവരും സമരത്തിലാണ്. ട്രെയിനുകളിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്ന ജീവനക്കാർ സമരത്തിലായതിനാൽ റെയിൽവേ വഴിയുള്ള തപാൽ സേവനങ്ങളും നിലച്ചു.
പോസ്റ്റ് ഓഫീസ് വഴിയുള്ള സന്പാദ്യ പദ്ധതികളുടെ പ്രവർത്തനങ്ങളും സമരത്തിൽ താളം തെറ്റി. സർവീസ് ചാർജ് ഈടാക്കാത്തതിനാൽ തപാൽവകുപ്പിന്റെ സേവിംഗ്സ് അക്കൗണ്ടിന്റെയും എടിഎമ്മുകളുടെയും സേവനം ഏറെപ്പേർ ഉപയോഗപ്പെടുത്താനാരംഭിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കു നിക്ഷേപത്തുക പിൻവലിക്കാനെത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്. തപാൽ വകുപ്പിന്റെ എടിഎമ്മുകൾ മിക്കതും ഇന്നലെയോടെ കാലിയായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സമരം തീർക്കുന്നതിനു സർക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നുമുണ്ടായിട്ടില്ലെന്നു എൻഎഫ്പിഇ വക്താവ് വി.ആർ. അനിൽകുമാർ പറഞ്ഞു. സമരം തീർന്നാലും തപാൽസേവനങ്ങൾ സാധാരണ നിലയിലാകുന്നതിനു ദിവസങ്ങളെടുക്കും.