ആലുവ: ഒരു ഇടവേളയ്ക്കുശേഷം ആലുവ നഗരസഭയിലെ കോണ്‍ഗ്രസ് പാർട്ടിയിലും കൗണ്‍സിലിലും ഗ്രൂപ്പ് പോര് ശക്തമാകുന്നു. കഴിഞ്ഞ ദിവസം നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രതിപക്ഷ നിരയിലെ വിമത കൗണ്‍സിലർമാർക്കൊപ്പം പ്രതിഷേധ സമരത്തിൽ ഭരണകക്ഷി അംഗങ്ങൾ പങ്കെടുത്തതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
ഇവർക്കെതിരേ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നടപടി ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നൽകിയതോടെ ഗ്രൂപ്പ് വൈര്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് മുന്നണി സംവിധാനമില്ലാതെ സംസ്ഥാനത്ത് കോണ്‍ഗ്രസ് തനിച്ച് നയിക്കുന്ന ആലുവ നഗരസഭയുടെ ഭരണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ഇന്ധനവില വർധനയ്ക്കെതിരേ നഗരസഭാ കവാടത്തിൽ ഒരു വിഭാഗം കൗണ്‍സിലർമാരാണ് ഇന്നലെ വ്യത്യസ്തമായ ആക്ഷേപ സമരം സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയായിരുന്നു സമരമെങ്കിലും വെട്ടിലായത് കോണ്‍ഗ്രസ് കൗണ്‍സിലർമാരാണ്. പ്രതിഷേധത്തിൽ പങ്കെടുത്ത കൗണ്‍സിലർമാരായ കെ.വി.സരള, ലീന ജോർജ്, ലിജി ജോയി, സൗമ്യ കാട്ടുങ്ങൽ എന്നിവർക്കെതിരേയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കെപിസിസിയെ സമീപിച്ചിരിക്കുന്നത്.
ഇവരിൽ പാർട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന സരള നേരത്തെ തന്നെ അച്ചടക്ക നടപടിക്ക് വിധേയയായ ആളാണ്. പാർട്ടി സ്ഥാനാർഥികൾക്കെതിരേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിബലുകളായി മത്സരിച്ച് ജയിച്ച സെബി വി.ബാസ്റ്റിൻ, കെ. ജയകുമാർ എന്നിവരായിരുന്നു സമരത്തിന്റെ മുഖ്യ സംഘാടകർ.
ഇന്ധനവിലയുടെ പേരിൽ നടത്തിയ സമരം നഗരസഭ ഭരണത്തിൽ അതൃപ്തിയുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ ഒത്തുചേരലായിട്ടാണ് പൊതുവെയുള്ള വിലയിരുത്തൽ. എ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള നഗരസഭ കൗണ്‍സിലിലെ ഐ ഗ്രൂപ്പ് അംഗങ്ങളാണ് സമരത്തിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയമാണ്.
നഗരഭരണത്തിലുള്ള അതൃപ്തിക്കെതിരേ പരസ്യമായി പ്രതികരിക്കാൻ അച്ചടക്കനടപടികൾ തടസമായതിനാൽ ഇന്ധനവില വർധനവിന്റെ പേരിൽ പ്രതിഷേധ കൂട്ടായ്മ നടത്തി വിമതരോടൊപ്പം പാർട്ടി കൗണ്‍സിലർമാരും ചേരുകയായിരുന്നു. ഇത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വരും നാളുകളിലും ഇത്തരം കൂട്ടായ്മ ശക്തിപ്പെടും എന്ന് മനസിലാക്കിക്കൊണ്ടാണ് മണ്ഡലം പ്രസിഡന്റ് ജോസി പി.ആൻഡ്രൂസ് സംഭവം ഇന്നലെതന്നെ കെപിസിസി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. അതേസമയം. മണ്ഡലത്തിലെ പാർട്ടി പ്രവർത്തനങ്ങൾ നിർജ്ജീവമായതിനാലാണ് പൊതുകാര്യത്തിനുവേണ്ടി സ്വന്തം നിലയിൽ സമരം നടത്തേണ്ട ഗതികേട് കൗണ്‍സിലർമാർക്ക് വന്നതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.