ചവറ: പഠനത്തോടൊപ്പം മറ്റ് മേഖലകളിലും കഴിവ് തെളിയിക്കണമെന്ന് എൻ. കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ചവറ നിയോജക മണ്ഡലം പരിധിയിലെ എസ്എസ്എൽസി, പ്ലസ് ടൂ, സർവകലാശാല പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ബേബിജോണ്‍ ഫൗണ്ടേ ഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമംപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിജയം നേടി നാളെ അധികാര സ്ഥാനങ്ങളിൽ എത്തുന്നവർ സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പ്രാധാന്യം കൊടുക്കണം. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തുകയും പ്രതീക്ഷകളെ തുറന്ന മനസോടെ അതി ജീവിക്കാൻ സാധിക്കുകയും ചെയ്യുന്നവർക്കേ പ്രതിഭകളായി ഉയരാൻ കഴിയുയെന്നും എംപി അഭിപ്രായപ്പെട്ടു.
ഫൗണ്ടേ ഷൻ അധ്യക്ഷ എസ്. ശോഭ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഷിബു ബേബിജോണ്‍, സി.പി സുധീഷ്കുമാർ, ജസ്റ്റിൻ ജോണ്‍, എ.എം.സാലി, എസ്. ലാലു, ആർ.വൈശാഖ്, ഷാനവാസ്, പപ്പൻ, കാട്ടൂർ കൃഷ്ണകുമാർ, വിഷ്ണുമോഹൻ, താജ് പോരൂക്കര എന്നിവർ പ്രസംഗിച്ചു.
നൂറ് ശതമാനം വിജയം കൈവരിച്ച കോയിവിള സെന്റ് ആന്റണീസ്, നീണ്ടകര സെന്റ് ആഗ്നസ്, ശക്തികുളങ്ങര സെന്റ് ജോസഫ് സ്കൂളുകൾക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി. ചടങ്ങിനോടനുബന്ധിച്ച് കുരീപ്പുഴ ഫ്രാൻസിസിന്റെ ഗാനമേളയും ഉണ്ടായിരുന്നു.