ചങ്ങരംകുളം: ശക്തമായ കാറ്റിലും മഴയിലും ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും വൻ നാശനഷ്ടം. ഇന്നലെ രാത്രിയോടെ ഉണ്ടായ കാറ്റിലും മഴയിലുമാണ് വ്യാപകമായ നാശംനേരിട്ടത്. പലയിടത്തും മരങ്ങൾ വീണു വീടുകൾ തകർന്നു. വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധവും നിലച്ചു. ചങ്ങരംകുളത്തിനടുത്ത് ആലംകോട് യുവതിക്ക് ഇടിമിന്നലിൽ പരിക്കേറ്റു.
ആലംകോട് കീഴേപുറം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചീരൻകുഴിയിൽ സുചിത്ര(25)യ്ക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണാരപറന്പിൽ അജീഷിന്റെയും അനീഷിന്റെയും വീടിനു മുകളിലേക്കു പന പൊട്ടിവീണു വീട് തകർന്നു.
ഇടിമിന്നലിൽ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചിയ്യാനൂരിൽ മേലേപുരക്കൽ ഭാസ്ക്കരന്റെ വീട്ടിലെ കിണർ മിന്നലേറ്റു തകർന്നു. ഉദിനുപറന്പ് മുള്ളംകുന്ന് റോഡിൽ വീടിന്റെ മതിൽകെട്ട് റോഡിലേക്കു നിലംപതിച്ചു ഗതാഗതം മുടങ്ങി. പ്രദേശത്തെ പല റോഡുകളും മരങ്ങൾ പൊട്ടി വീണു ഗതാഗതം മുടങ്ങിയിരിക്കുകയാണ്. പലയിടത്തും വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കേടുപാടുകൾ വന്നു.
മരങ്ങൾ വീണു വൈദ്യുതി ലൈനുകളും പൊട്ടിവീണു. ഇതമൂലം ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കഐസ്ഇബിക്കും വലിയ തോതിൽ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട് വീട്ടു പരിസരങ്ങളിലെ തെങ്ങ്, കമുക്, വാഴ, തേക്ക്, പ്ലാവ് തുടങ്ങിയ മരങ്ങളും കൃഷികളും വ്യാപകമായി നശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വ്യാപകമായ നഷ്ടങ്ങൾ വരുത്തിയ കാറ്റും മഴയും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.