ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചു. മിസോറം ഗവർണറായാണ് കുമ്മനത്തിന്റെ നിയമനം. ഇതു സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി.
നിലവിലെ ഗവർണർ നിർഭയ് ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്. നിർഭയ് ശർമയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും.
കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചു. 1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച അദ്ദേഹം ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവർത്തകനായി.
ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവർത്തനങ്ങൾ എന്നിവയൊക്കെ ഇദ്ദേഹത്തിനെ ശ്രദ്ധേയനാക്കി. കുമ്മനം ഗവർണറാകുന്നതോടെ സംസ്ഥാന ബിജെപിയിൽ അഴിച്ചുപണിയുണ്ടായേക്കും.