തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടിയിൽ മാധ്യമപ്രവർത്തകരോടു വീണ്ടും സർക്കാരിന്റെ “കടക്കൂ പുറത്ത്.’ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റും കേരള സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ചിത്രകലാ ക്യാന്പിന്റെ ഉദ്ഘാടന പരിപാടിയിൽനിന്നാണ് മാധ്യമപ്രവർത്തകരെ പുറത്താക്കിയത്.
പരിപാടി റിപ്പോർട്ടുചെയ്യാൻ ലേഖകരും ഫോട്ടോഗ്രാഫർമാരും ചാനൽ കാമറാമാൻമാരും എത്തിയിരുന്നു. ഹാളിലുണ്ടായിരുന്ന ഇവരോടു പുറത്തുപോകണമെന്ന് ആദ്യം ആവശ്യപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സന്തോഷാണ്. സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റ് വാർത്തയും ഫോട്ടോയും തരുമെന്നും ഓഫീസർ പറഞ്ഞു. പിറകേ പോലീസ് ഉദ്യോഗസ്ഥരും എത്തി മാധ്യമപ്രവർത്തകരോടു പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ചിത്രാവിഷ്കാരം നടത്തിക്കാൻ അന്പതു കലാകാരന്മാരെയാണു ക്യാന്പിൽ പങ്കെടുപ്പിക്കുന്നത്. നവകേരളത്തിലേക്ക് എന്നു പേരിട്ട ചിത്രകലാ ക്യാന്പിന്റെ വേദിയിൽ മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ, എം.പി. വീരേന്ദ്രകുമാർ എംപി, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രൻ തുടങ്ങിയവർ ഉണ്ടായിരുന്നു.