കോട്ടയം: ടയർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ വിവിധ ഡിപ്പോകളിലായി 40 ബസുകൾ കട്ടപ്പുറത്ത്. നിലവിൽ ഓടിക്കുന്ന ബസുകളിൽ ഏറെയും പിൻവശത്ത് തേഞ്ഞു തീർന്ന ടയറുകളിലാണ് ഓട്ടം നടത്തുന്നത്. മഴ കനത്തതോടെ മൊട്ട ടയറിട്ട ഓട്ടം ഏറെ അപകടരമാണെന്നും ഡ്രൈവർമാർ മുന്നറിയിപ്പു നൽകിയിട്ടും നടപടിയില്ല.
മഴയുള്ളപ്പോൾ മൊട്ട ടയറിൽ ബ്രേക്ക് ലഭിക്കില്ലെന്നും അപകടസാധ്യത കൂടുതലാണെന്നും ഡ്രൈവർമാർ ഒന്നടങ്കം പരാതിപ്പെടുന്നുന്നു. ഉടനടി ടയറുകൾ ലഭിക്കുന്നില്ലെങ്കിൽ കൂടുതൽ സർവീസുകൾ മുടങ്ങുമെന്നതാണ് സ്ഥിതി. സർവീസ് മുടക്കത്തെത്തുടർന്ന് വിവിധ ഡിപ്പോകളിലായി ദിവസം 25 ലക്ഷം രൂപയുടെ കളക്ഷൻ ഇടിവാണുണ്ടായിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽ മാത്രം 20 ബസുകളാണു കട്ടപ്പുറത്തിരിക്കുന്നത്.
ചങ്ങനാശേരി, പൊൻകുന്നം, എരുമേലി, വൈക്കം, പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലും ടയർക്ഷാമം രൂക്ഷമാണ്. 70 ടയറുകളാണ് ഒരു മാസം ജില്ലയിൽ കിട്ടേണ്ടതെന്നിരിക്കെ രണ്ടു മാസമായി ഒരു ടയർ പോലും ലഭിച്ചിട്ടില്ല. ഇതാണു വിവിധ ഡിപ്പോകളിലുണ്ടായിരിക്കുന്ന ടയർ ക്ഷാമത്തിനുള്ള പ്രധാന കാരണം.
കട്ട ചെയ്യാൻ പറ്റാത്ത വിധം പഴകിയവ വീണ്ടും കട്ട ചെയ്താണ് ദീർഘ ദൂര സർവീസുകളിൽ പലതും നടത്തുന്നത്. കെ എസ്ആർടിസി ടയർ കന്പനികൾക്ക് അഞ്ചു കോടി രൂപ കുടിശിക നൽകാനുള്ളതിലാണ് ഒരു കന്പനിയും കെഎസ്ആർടിസിക്കു ടയറും ട്യൂബും നൽകാൻ തയാറാകാത്തത്.
അതിനിടെ ടയർ റീട്രെഡിംഗ് ജീവനക്കാരിൽ ഒരു വിഭാഗം മെല്ലെപ്പോക്കു നടത്തുന്നതിലാണ് ടയറുകൾക്ക് ക്ഷാമം നേരിടുന്നതെന്നും വിമർശനമുണ്ട്. കെഎസ്ആർടിസിയുടെ 150 ബസുകൾ സർവീസ് നടത്തുന്നത് മൊട്ട ടയറിലാണ്.
പാലായിലെ സ്ഥിതി പരമദയനീയം
പാലാ: കെഎസ്ആർടിസിയുടെ മാതൃക ഡിപ്പോയായ പാലായിലെ സ്ഥിതി പരമദയനീയമാണ്. ബസ് സ്റ്റാൻഡിനുള്ളിൽ നിരയായ ബസുകൾ പാർക്കു ചെയ്തിരിക്കുന്ന കാണുന്പോൾ ഉടനടി ബോർഡുവച്ച യാത്ര പുറപ്പെടാനുള്ള ബസുകളാണെന്നു തോന്നുമെങ്കിലും ടയറുകളിലേക്കു നോക്കുന്നവർ ഞെട്ടിപ്പോകും. കാരണം നിരയായ പാർക്കു ചെയ്തിരിക്കുന്ന ബസുകൾക്കൊന്നും ടയറുകളില്ല.
ടയറുകളില്ലാത്തതു കൊണ്ടു മാത്രം സർവീസ് നടത്താതെ കിടക്കുന്നതു 17 ബസുകളാണ്. ഇതിൽ വേണാട്, ഓർഡിനറി, ഫാസ്റ്റ് പാഞ്ചർ ബസുകളും ഉൾപ്പെടുന്നു. പാലാ ഡിപ്പോയിലേക്കു ദിവസേന ആറു ടയറുകൾ വീതം ലഭിക്കുന്നുണ്ടെങ്കിലും ഇവ ദിവസവും സർവീസ് നടത്തുന്ന ബസുകൾക്കാണു ഉപയോഗിക്കുന്നത്.
അടിയന്തിരമായ 100 ടയറുകൾ ലഭിച്ചെങ്കിൽ മാത്രമേ കട്ടപ്പുറത്തിരിക്കുന്ന ബസുകൾ റോഡിലിറക്കാൻ സാധിക്കു. ടയറില്ലാത്തതിന്റെ പേരിൽ മാത്രം പാലാ ഡിപ്പോയിൽ നിന്നും 12 സർവീസുകളാണു മുടങ്ങുന്നത്. ഇതോടെ ഡിപ്പോയ്ക്കു മാത്രം ദിവസവും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. അടിയന്തിരമായി ടയറുകൾ എത്തിച്ചു കളക്ഷനുകളിൽ മുൻപന്തിയിൽ നില്ക്കുന്നതും സർവീസുകൾ കൃത്യമായ ഓപ്പറേറ്റ് ചെയ്യുന്നതമായി പാലാ ഡിപ്പോയിലെ ബസുകൾ നിരത്തിലിറക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.