കാഴ്ചയുടെ പുതിയ വസന്തമെന്ന വാഗ്ദാനവുമായിട്ടായിരുന്നു ആര് ശ്രീകണ്ഠന് നായരുടെ ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ആരംഭിച്ചത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ചാനല്‍ ബാര്‍ക് റേറ്റിംഗില്‍ ഉള്‍പ്പെടെ വലിയ കുതിപ്പ് നടത്തുകയും ചെയ്തു.
ഇപ്പോഴിതാ ഫ്ളവേഴ്സിന്റെ പുതിയ മുഴുവന്‍ സമയ വാര്‍ത്ത ചാനല്‍ വരുന്നു. ട്വന്റിഫോര്‍ ന്യൂസ് ഓഗസ്റ്റ് നാലു മുതല്‍ മലയാളിയുടെ സ്വീകരണ മുറികളിലെത്തും.
മലയാള ചാനലുകള്‍ മൊത്തം 1200 കോടി രൂപയോളം വിപണി വിഹിതം നേടുന്നതായാണ് കണക്ക്. പ്രാദേശിക ചാനലുകള്‍ മാത്രം 135 കോടിയിലധികം നേടുന്നു. മുഖ്യധാരാ ചാനലുകളില്‍ വിപണി വിഹിതത്തിന്റെ പകുതിയിലധികവും ഏഷ്യാനെറ്റ് സ്വന്തമാക്കുന്നു.
ചുരുക്കം ചില ചാനലുകള്‍ ഒഴിച്ച് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ പല ചാനലുകളും എത്തിയിട്ടില്ല. മുമ്പ് അഞ്ച് വര്‍ഷമായിരുന്നു ബ്രേക്ക് ഈവന്‍ പീരിയഡ് എങ്കില്‍ ഇപ്പോഴത് അതും കടന്നുപോയിരിക്കുന്നു. സാറ്റലൈറ്റ് ഫീസും മറ്റ് തുടര്‍ചെലവുകളും ഭീമമായി കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ചെറുകിട ചാനലുകള്‍ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണ്.
പ്രതിവര്‍ഷം ചുരുങ്ങിയത് 15-20 കോടി രൂപയുടെ ചെലവ് വാര്‍ത്താചാനലുകള്‍ക്കുണ്ടെന്നാണ് കണക്ക്. പരസ്യം ചെയ്യുന്ന പുതിയ ബ്രാന്‍ഡുകള്‍ കടന്നുവരാത്തതാണ് മറ്റൊരു പ്രതിസന്ധി. മാന്ദ്യം മറ്റൊരു വില്ലനും.
ഇതിനിടയിലാണ് ഓരോ ചെറിയ വിഭാഗങ്ങളെയും ഉന്നമിട്ട് പുതിയ ചാനലുകള്‍ കടന്നുവരുന്നത്. കുട്ടികള്‍ക്ക് വരെ മലയാളത്തില്‍ ചാനലുകളായി. ഓരോ വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന പുതിയ ചാനലുകള്‍ തുടങ്ങിയില്ലെങ്കില്‍ വിപണി വിഹിതം തീരെ നേര്ത്തുപോകുമെന്ന തിരിച്ചറിവിലാണ് മുന്‍നിര ചാനലുകള്‍.
കേരളത്തിലെ ചാനല്‍ രംഗം അത്ര മികച്ച അവസ്ഥയിലല്ലാത്ത നിലയിലാണ് പുതിയ മത്സരത്തിനു ഫ്ളവേഴ്സ് തയാറെടുക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഡല്‍ഹിയിലും വിദേശരാജ്യങ്ങളിലുമായി അത്യാധുനിക സ്റ്റുഡിയോകളുടെ നിര്മാണ് പുരോഗമിക്കുകയാണ്.
തിരുവനന്തപുരത്തും കൊച്ചിയിലുമായി അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോഗവത്കരിക്കുന്ന രണ്ട് സ്റ്റുഡിയോകള്‍ വാര്‍ത്താചാനലിനായി ഒരുങ്ങുന്നുണ്ട്. നിരവധി പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരും ചാനലില്‍ എത്തിയിട്ടുണ്ട്.