മാന്നാർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ആവേശത്തിമർപ്പിൽ. ഇന്നലെ പ്രചാരണം കൊഴുപ്പിക്കുവാൻ നടനും എംപിയുമായ ഇന്നസെന്റ് എത്തി.
ചെങ്ങന്നൂർ ഐറ്റിഐ ജംഗഷ്നിൽ നിന്നാരംഭിച്ച റോഡ് ഷോ വിവിധ പഞ്ചായത്തുകൾ ചുറ്റി മാന്നാറിൽ സമാപിച്ചു. മാന്നാർ എന്ന പ്രദേശത്തെ എന്നിലൂടെ അറിയപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ഇന്നസെന്റ് റോഡ് ഷോയിൽ പ്രസംഗം ആരംഭിച്ചത്.
റാംജി റാവൂ സ്പീക്കിംഗ് എന്ന സിനിമയിൽ ലഭിച്ച മാന്നാർ മത്തായി എന്ന കഥാപാത്രമാണ് എന്നെ മാന്നാറിനോടടുപ്പിച്ചതെന്നും ഇപ്പോഴും പലരും മറന്നിട്ടില്ലാത്ത കഥാപാത്രമാണ് ഇതെന്നും ഇന്നസെന്റ് പറഞ്ഞു. എന്നിലൂടെ മാന്നാറും മാന്നാറിലൂടെ ഞാനും അറിയപ്പെടുന്ന ആളായി മാറിയെന്നും പറഞ്ഞ് സജി ചെറിയാന് വോട്ട് അഭ്യർഥിച്ചാണ് മടങ്ങിയത്.