കൊച്ചി: ഓപ്പറേഷൻ ബ്ലാക്ക് ഫ്ളൈ എന്ന പേരിൽ അനധികൃത റിക്രൂട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ നടത്തുന്ന പരിശോധനകൾ കർശനമാക്കാൻ കൊച്ചി സിറ്റി പോലീസ്. കൊച്ചിയിലും സമീപപ്രദേശങ്ങളിലും ഇത്തരം തട്ടിപ്പു സ്ഥാപനങ്ങൾ പ്രവർത്തിക്കുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവിടങ്ങളിൽ കർശന പരിശോധന നടത്തി മേൽനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ പാലാരിവട്ടം ചക്കരപ്പറന്പ് എടിഎച്ച്എസ് എഡ്യുക്കേഷണൽ കണ്‍സൾട്ടൻസി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ രണ്ടുപേർ കഴിഞ്ഞ ദിവസം പിടിയിലായതിനു തൊട്ടുപിന്നാലെയാണു ഓപ്പറേഷൻ ബ്ലാക്ക് ഫ്ളൈയുമായി അധികൃതർ രംഗത്തിറങ്ങിയത്.
കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. പരിശോധനയിൽ എറണാകുളം സെൻട്രൽ, മരട്, ഹിൽപാലസ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പോളണ്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അനധികൃത റിക്രൂട്ട്മെന്റ് നടത്തി പണം വാങ്ങി ഉദ്യോഗാർഥികളെ കബളിപ്പിച്ചിരുന്ന എറണാകുളം വളഞ്ഞന്പലത്ത് പ്രവർത്തിക്കുന്ന സ്കൈലൈൻ ഇൻറർനാഷണൽ എന്ന സ്ഥാപനത്തിനെതിരേ സെൻട്രൽ പോലീസും ബ്രൂണൈ എന്ന രാജ്യത്ത് ജോലി തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ഇരുന്പനം സ്വദേശി സാജു എന്നയാൾക്കെതിരെ ഹിൽപ്പാലസ്് പോലീസും വൈറ്റിലയിൽ പ്രവർത്തിച്ചിരുന്ന വോൾ ടെക് എച്ച്ആർ സർവീസസ് എന്ന സ്ഥാപനത്തിനെതിരെ മരട് പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ഥാപനങ്ങളിൽ നിന്നും സാജുവിൻറെ പക്കൽ നിന്നുമായി നിരവധി പാസ്പോർട്ടും വിസാ കോപ്പികളും ബയോഡാറ്റകളും പണംവാങ്ങിയ രസീതിന്റെ പകർപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനും തട്ടിപ്പുകേന്ദ്രങ്ങൾക്കു താഴിടാനുമാണ് അധികൃതരുടെ തീരുമാനം.
അതേസമയം, കഴിഞ്ഞ ദിവസം പിടികൂടി റിമാൻഡ് ചെയ്ത ചക്കരപ്പറന്പ് എടിഎച്ച്എസ് എഡ്യുക്കേഷണൽ കണ്‍സൾട്ടൻസി സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ തൃശൂർ വെങ്കിടങ്ങ് എടക്കൽ രാരി (28), തൃശൂർ ചാവക്കാട് വടക്കേക്കാട് ഒലക്കയ്യൂർ മുഹമ്മദ് അഷറഫ് (28) എന്നിവരെ കസ്റ്റയിൽ ലഭിക്കാൻ ഇന്നു കോടതിയിൽ അപേക്ഷ നൽകുമെന്നു പോലീസ് പറഞ്ഞു.
തട്ടിപ്പിന് ഇരയായ കൂടുതൽപേർ ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയതായുള്ള വിവരമാണു ലഭിക്കുന്നതെന്നും ഇതെല്ലാം പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.