സ്വന്തം ലേഖകൻ
തൃശൂർ: മഴക്കാലം വരവറിയിച്ചു. അവധിക്കാലത്തെ ആഘോഷം കഴിഞ്ഞ് സ്കൂളിലേക്ക് തിരികെ പോകാനൊരുങ്ങുകയാണ് കുരുന്നുകൾ. സ്കൂൾ തുറക്കുംമുന്‍പ് പുത്തൻ ബാഗും കുടയും ലഞ്ച് ബോക്സുമെല്ലാമായി ഒരുങ്ങിയിരിക്കണം.
കുട്ടികളെ കാത്ത് പുത്തൻ പരീക്ഷണങ്ങളുമായി സ്കൂൾ വിപണി സജീവമായിരിക്കുന്നു. മറ്റുമേഖലകളിലുള്ള വിലക്കയറ്റം സ്കൂൾ വിപണിയിൽ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്.
മുകളിൽ പിടിയുണ്ട്… തലതിരിയൻ കുട
നിപ്പാ വൈറസ് പരത്തുന്നവർ എന്ന ഖ്യാതിയോടെ വവ്വാലുകൾ ഭീതിപടർത്തുന്പോൾ വവ്വാലിനെപ്പോലെ തലതിരിഞ്ഞ ഒരു കുട സ്കൂൾ വിപണിയിൽ കൗതുകമാവുകയാണ്. കാണുന്പോൾ മുകളിലാണ് പിടിയെന്ന് തോന്നുമെങ്കിലും നിവർത്തുന്പോൾ സാധാരണ കുടപോലെ നിവർന്നുവരുന്നതുമാണ് ഈ തലതിരിയൻ കുട.
തലതിരിയനാണെങ്കിലും സാധാരണ കുടയെ അപേക്ഷിച്ച് ചില ഗുണങ്ങളൊക്കെ ഈ കുടയ്ക്കുണ്ട്. പിടി മുകളിലായതിനാൽ നിവർത്താതെ തന്നെ സുഖമായി കുട ഉണങ്ങാൻ വയ്ക്കാം. ചുവരിൽ തറച്ച ആണിയിലോ, കന്പിയിലോ എവിടെയായാലും തല തിരിയൻ കുട ഈസിയായി തൂക്കിയിടാനും പറ്റും. 490 രൂപയാണ് കുടയുടെ വില.
90 രൂപയുടെ ബഹുവർണ നഴ്സറി കുട മുതൽ തുടങ്ങുന്നു കുടവിപണിയിലെ വൈവിധ്യം. കള്ളമാരെ കുടുക്കാവുന്ന ആന്റി തെഫ്റ്റ് കുട, ഉൗന്നു വടിയുടെ പിടിയുള്ള കാലൻകുട, വെള്ളം ചീറ്റുന്ന കുട തുടങ്ങിയവയെല്ലാമാണ് കുടകളിലെ പ്രത്യേകതക്കാർ.
സൈക്കിളിൽപോവാൻ പാവാട മഴക്കോട്ട്
സൈക്കിളിൽ സ്കൂളിൽ പോകുന്ന പെണ്‍കുട്ടികൾക്കായി എത്തിയിരിക്കുന്ന പാവാട-ബ്ലൗസ് രൂപത്തിലുള്ള മഴക്കോട്ടുകളാണ് ഇത്തവണ മഴക്കോട്ട് വിപണിയിലെ പുതുമ. 800 രൂപയാണ് പാവാട മഴക്കോട്ടിന്റെ വില. നീളൻ മഴക്കോട്ടുകളേക്കാൾ കൂടുതലായി കുട്ടികൾ ഇത് വാങ്ങുന്നുണ്ടെന്ന് ഹൈറോഡ് കേരള ഫാൻസി സ്റ്റോറിലെ ഷെബീർ പറഞ്ഞു. 180 രൂപ മുതൽ 650 രൂപ വരെയുള്ള മഴക്കോട്ടുകളാണ് സൈക്കിളിൽ സ്കൂളിൽപോകുന്ന കുട്ടികൾക്കായി വിപണിയിലെത്തിച്ചിരിക്കുന്നത്.
ബാഗിൽ ഡോറയും സ്പൈഡർമാനും
ബെൻടെൻ, ഡോറ, സ്പൈഡർമാൻ, ഏരിയൽ തുടങ്ങിയ കഥാപാത്രങ്ങൾതന്നെയാണ് ബാഗുകളിലെ താരങ്ങൾ. നാലാം ക്ലാസ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ബെൻടെൻ കുടയും സ്പൈഡർ ബാഗുമെല്ലാം വിപണിയിലെത്തുന്നത്. നീളൻ ചെവിയും കൊന്പുമെല്ലാമായി കാർട്ടൂണ്‍ കഥാപാത്രങ്ങളുടെ അതേ രൂപത്തിലുള്ള ബാഗുകളും വിൽപനയ്ക്കുണ്ട്.
135 മുതൽ 2700 രൂപ വിലവരെയുള്ള ബാഗുകളാണ് ഇറക്കിയിട്ടുള്ളത്. കോളജ് വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള ബാക്ക് പാക്ക് ബാഗുകൾക്ക് 650 രൂപ മുതലാണ് വില. എണ്ണൂറ് രൂപ മുതലുള്ള ബാഗുകൾക്കൊപ്പം റെയിൻ കവറും സൗജന്യമായി ലഭിക്കുന്നുണ്ട്. നൂറു രൂപ കൊടുത്താൽ ഏതു ബാഗിനുമുള്ള റെയിൻ കവറുകൾ വാങ്ങാനാവും.
വാട്ടർബോട്ടിലിൽ ഗ്രീൻ പ്രോട്ടോകോൾ
20 രൂപ മുതൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉണ്ടെങ്കിലും 150 രൂപ മുതൽ വിലവരുന്ന സ്റ്റീൽ ബോട്ടിലുകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. പ്ലാസ്റ്റിക്കിനെതിരേയുള്ള പ്രചാരണങ്ങളും ഹരിതനയ ബോധവത്കരണവുമെല്ലാമാണ് ഇതിനു കാരണമെന്ന് കച്ചവടക്കാർ പറയുന്നു. അതുകൊണ്ടുതന്നെ വിഷാശം ഒട്ടുമില്ലെന്ന് അവകാശപ്പെടുന്ന കൊറിയൻ സ്റ്റീൽ വാട്ടർ ബോട്ടിലിന് ആവശ്യക്കാർ ഏറെയാണ്.
450 രൂപ വരെയാണ് ഇത്തരം വാട്ടർ ബോട്ടിലുകളുടെ വില. ലഞ്ച് ബോക്സുകളിലും ഹരിതനയത്തിന്റെ സ്വാധീനം പ്രകടമാണ്. സ്റ്റീൽ ലഞ്ച് ബോക്സുകളാണ് മാതാപിതാക്കൾ കൂടുതലായി തെരഞ്ഞെടുക്കുന്നത്. ഉച്ചഭക്ഷണം ചെറുചൂടോടെ സൂക്ഷിക്കാവുന്ന കാസറോൾ മോഡലിലുള്ള ലഞ്ച് ബോക്സുകളും ധാരാളം വിറ്റഴിയുന്നു.