നാദാപുരം: നാട് മുഴുവൻ പനിപ്പേടിയിൽ കഴിയുമ്പോഴും നാദാപുരത്തെ ആംബുലൻസ് കട്ടപ്പുറത്ത്. ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കിയ ഗവ.താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് വീണ്ടും കട്ടപ്പുറത്തായത്.
നിപ്പാ പേടിയിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യ ഡ്രൈവർമാർ വിമുഖത കാണിക്കുന്ന സമയത്ത് സർക്കാർ ആംബുലൻസ് ഉപയോഗ ശൂന്യമായത് ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സാണിത്.
എട്ട് വർഷം മുമ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നാദാപുരം താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് വാങ്ങിയത്.2017 ല്‍ മംഗലാപുരത്ത് രോഗിയേയും കൊണ്ട് പോയി തിരിച്ച് വരുമ്പോള്‍ വാഹനം തകരാറിലായതോടെയാണ് ആംബുലൻസ് കട്ടപ്പുറത്തായത്.
മാസങ്ങളോളം കാസര്‍ഗോട്ടെ സ്വകാര്യ കമ്പനിയില്‍ കിടന്ന വാഹനം എച്ച്എംസി ഫണ്ട് ഉപയോഗിച്ചാണ് ഏറെ കാലങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയത്. കഴിഞ്ഞ നവംബറിൽ പണി പുർത്തിയാക്കിയ ആംബുലന്‍സ് പുറത്തിറക്കിയെങ്കിലും വീണ്ടും തകരാറായി.
ഈ വർഷം ആദ്യം വടകര കൈനാട്ടിയിലെ സ്വകാര്യ സ്ഥാപനത്തിൽ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചെങ്കിലും ഇതുവരെ പുറത്തിറക്കിയിട്ടില്ല. കാസര്‍ഗോഡ് വര്‍ക്ക് ഷോപ്പില്‍ വേണ്ട വിധം അറ്റകുറ്റ പണി നടത്തിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. തുടർന്നാണ് കാസർഗോട്ടെ കന്പനിയുടെ മറ്റൊരു സ്ഥാപനമായ കൈനാട്ടിയില്‍ വാഹനം എത്തിച്ചത്.
കാൽ ലക്ഷം രൂപ വിലയുള്ള ചില യന്ത്രഭാഗങ്ങള്‍ വാഹനത്തില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചതായി സ്ഥാപന ഉടമകൾ പറഞ്ഞു.
ആംബുലന്‍സിന്റെ യന്ത്ര ഭാഗങ്ങള്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എച്ച്എംസി യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. എംഎല്‍എ,ഡിഎംഒ,ജില്ലാ കളക്ടര്‍ എന്നിവരെയെല്ലാം വിവരമറിയിച്ചിട്ടും നടപടികള്‍ വൈകുകയാണ്.