ശ്രീകണ്ഠപുരം: മംഗളൂരുവിൽ നിന്ന് വാഹനങ്ങൾ കവർന്ന കേസിൽ പിടിയിലായ പയ്യാവൂർ, പുലിക്കുരുമ്പ സ്വദേശികൾ ലക്ഷങ്ങളുടെ വാഹനങ്ങൾ വില്പന നടത്തിയത് നാമമാത്ര വിലയ്ക്കെന്ന് അന്വേഷണ സംഘം.
കാസർഗോഡ് ഷോറൂമിൽ നിന്ന് കവർന്ന രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര ബൈക്ക് ‘ഡ്യൂക്ക് ‘ കാവുമ്പായി സ്വദേശിയായ യുവാവിന് സംഘം വിറ്റത് 40,000 രൂപയ്ക്കാണ്. ആദ്യം 20,000 രൂപ അഡ്വാൻസ് വാങ്ങിയ ഇവർ ആർസിയും താക്കോലും കൈമാറുമ്പോൾ ബാക്കി തുക തന്നാൽ മതിയെന്ന് അറിയിച്ചതായി പറയുന്നു.
എന്നാൽ കവർച്ചാ സംഘം പിടിയിലായതായി അറിഞ്ഞതോടെ ഇന്നലെ രാവിലെ ബൈക്ക് ഗുഡ്സ് ഓട്ടോയിൽ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് ശേഷം വിട്ടയച്ചു. ബൈക്ക് ഉടൻ മംഗളൂരു പോലീസിന് കൈമാറും.
കവർച്ച ചെയ്യുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഒഴിവാക്കി ‘ന്യൂ രജിസ്റ്റേർഡ് ‘ എന്ന് സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ റോഡിൽ പോലീസ് ചെക്കിംഗ് ഉണ്ടാവില്ലെന്ന് സംഘം കണക്ക് കൂട്ടുന്നു.
ചെറിയ വിലയ്ക്ക് വാഹനങ്ങൾ ലഭിക്കുമ്പോൾ പിന്നീട് ആർസി കിട്ടിയിലെങ്കിലും വാങ്ങിയവർ ഇവരെ അന്വേഷിക്കാറുമില്ല. വാഹന പരിശോധനയ്ക്കിടെ വണ്ടി പോലീസ് കസ്റ്റഡിയിലെടുത്താൽ ആർസി നാളെ ഹാജരാക്കാമെന്ന് പറഞ്ഞ് വാഹനങ്ങൾ ഒഴിവാക്കി മുങ്ങുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത ഡ്യൂക്ക് ബൈക്ക് മൂന്ന് മാസത്തോളമായി ഉടമയെ കാത്ത് കിടക്കുന്നു. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി വാഹനങ്ങൾ ഈ രീതിയിൽ കിടക്കുന്നുണ്ട്.
അതേ സമയം പിടിയിലായവരെ മംഗളൂരു കദ്രി പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിയിലായ എട്ട് പേരിൽ നാലുപേർ പ്ലസ് ടു വിദ്യാർഥികളും ഒരാൾ ബിരുദ വിദ്യാർഥിയുമാണ്. ഇവർ കവർച്ചയ്ക്കായി ഉപയോഗിച്ച ടവേര ഉടമയെ കബളിപ്പിച്ചാണ് കൊണ്ടുപോയിരുന്നതെന്നാണ് അറിയുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മംഗളൂരു ഈസ്റ്റ്, കദ്രി സ്റ്റേഷൻ പരിധിയിൽ നിന്ന് ബുള്ളറ്റ്, ബൈക്ക് ഉൾപ്പെടെ 30 ഓളം വാഹനങ്ങളാണ് ഇവർ കവർന്നത്.