കൊല്ലം: ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ സാന്പത്തികമായി സഹായിക്കുന്ന പദ്ധതികൾ പരിഗണനയിലുണ്ടെന്ന് ജയിൽ ഡിജിപി ആർ. ശ്രീലേഖ പറഞ്ഞു. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തുപോകുന്നവർക്ക് സാമൂഹ്യക്ഷേമ വകുപ്പ് 15,000 രൂപ ഗ്രാന്റ് നൽകുന്നുണ്ട്.
ഇതിന് പുറമെ ചെറിയ തൊഴിൽ സംരംഭങ്ങൾക്കായി ചില സ്വകാര്യബാങ്കുകൾ വായ്പ നൽകാമെന്ന് തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പലിശനിരക്ക് വളരെ വലുതാണ്. സർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മോചിതയായ വനിതാ തടവുകാർക്കായി ചെറിയ പലിശയിൽ വായ്പ ലഭിച്ചാൽ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നും അവർ പറഞ്ഞു.
സംസ്ഥാന വനിതാ കമ്മിഷനും ജയിൽവകുപ്പും സംയുക്തമായി ജില്ലാ ജയിലിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകളുടെ സാമൂഹ്യാവസ്ഥയും പുനരധിവാസവും എന്ന വിഷയത്തിൽ നടന്ന സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡിജിപി.
ഏഴ് വർഷത്തിൽ കുറവ് ശിക്ഷ ലഭിക്കേണ്ട കുറ്റകൃത്യം ചെയ്തവരാണെങ്കിൽ അവരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് ഡിജിപി പറഞ്ഞു. അഥവാ അറസ്റ്റ് ചെയ്യണമെങ്കിൽ അതിനുള്ള സാഹചര്യം മജിസ്ട്രേട്ടുമാരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്.
എന്നാൽ കുറഞ്ഞ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പോലും മൂന്ന് മാസത്തോളം ജയിലിൽ കഴിയേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വിദേശരാജ്യങ്ങളിലാകട്ടെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറ്റം ചെയ്തവരെ നിരീക്ഷിക്കുന്നത് മൂലം തടവറ പോലും ആവശ്യമില്ലാത്ത സ്ഥിതിയാണുള്ളത്. അതുപോലുള്ള പല പരിഷ്ക്കാരങ്ങളും നമ്മുടെ ജയിലിൽ വന്നേ കഴിയൂയെന്നും ഡിജിപി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ചൊക്കെ മനസിലാക്കാനാണ് ഇത്തരത്തിലുള്ള സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് വീട്ടുജോലി പോലും ചെയ്ത് കുടുംബം പുലർത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാകമ്മിഷനംഗം ഷാഹിദ കമാൽ പറഞ്ഞു. പുറത്തിറങ്ങുന്ന വനിതകളുടെ സാമൂഹ്യാവസ്ഥ മെച്ചപ്പെടുത്തുന്നതിലും പുനരധിവാസത്തിനും ശ്രദ്ധ ചെലുത്തുന്നിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യമായാണ് ഇത്തരത്തിലൊരു സെമിനാർ വനിതാകമ്മിഷന്റെ നേതൃത്വത്തിൽ വനിതാ അന്തേവാസികൾക്കുവേണ്ടി നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർ തങ്ങൾക്ക് നേരെ സമൂഹം കാട്ടുന്ന അവഗണനയെ നേരിടാൻ മാനസികമായി തയാറാകണമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി.കൃഷ്ണ പറഞ്ഞു. കൗണ്സിലർ ബി ഷൈലജ, വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ, കൊട്ടാരക്കര സ്പെഷൽ സബ്ജയിൽ സൂപ്രണ്ട് കെ സോമരാജൻ, ദക്ഷിണമേഖലാ ജയിൽ ഡിഐജി ബി.പ്രദീപ്, ജില്ലാ ജയിൽ സൂപ്രണ്ട് കെ.വിശ്വനാഥക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.