മങ്കൊന്പ്: അപ്രതീക്ഷിതമായിരുന്നു ജനപ്രതിനിധികളുടെ റോഡ് ഉപരോധസമരം. ഇക്കാര്യം മുൻകൂട്ടി അറിയാതിരുന്നതിനാൽ സമരക്കാരെ നിയന്ത്രിക്കാനോ ഗതാഗതതടസം ഒഴിവാക്കാനോ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല.
സമരം ആരംഭിച്ചപ്പോഴാണ് പോലീസിനു വിവരം ലഭിക്കുന്നത്. ഈ സമയം പട്രോളിംഗിലായിരുന്ന പുളിങ്കുന്നു പോലീസ് ഏറെ വൈകാതെ സ്ഥലത്തെത്തി. പുളിങ്കുന്നു സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ, ഹൈവേ പോലീസ് എന്നിവരും സ്ഥലത്തെത്തിയപ്പോൾ ഏറെക്കുറെ ഗതാഗതതടസം നീങ്ങിയിരുന്നു. തുടർന്ന് സമരക്കാരും മടങ്ങി. എന്നാൽ റോഡിലെ കുഴികൾ പഴയതുപോലെ അവശേഷിച്ചു.
അപകടസാധ്യത നന്നായി അറിയാമായിരുന്ന പോലീസ് കുഴിയടയ്ക്കാൻ തീരുമാനിച്ചു. പുളിങ്കുന്ന് സ്റ്റേഷനിലെ എഎസ്ഐ എം.പി. ജസ്റ്റിന്റെ നേതൃത്വത്തിൽ പോലീസ് കുഴിയടക്കാൻ മുന്നിട്ടിറങ്ങി. നേരത്തെ വെള്ളക്കെട്ട് രൂക്ഷമായിരുന്നപ്പോൾ വെള്ളം വറ്റിക്കുന്നതിനായി റോഡരികിൽ താത്കാലിക മട സ്ഥാപിക്കുന്നതിനും ജസ്റ്റിൻ തന്നെയായിരുന്നു മുൻകയ്യെടുത്തത്.
റോഡരികിൽനിന്നും മണ്ണെടുത്ത് കുഴികളടച്ചു. സമീപത്തെ വ്യാപാരസ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളും പോലീസിന്റെ സഹായത്തിനെത്തി. ഇതോടെ അരമണിക്കൂറുനേരത്തെ അധ്വാനത്തിനൊടുവിൽ പ്രധാന കുഴികൾ അടച്ച് ഒരു പരിധിവരെ ഗതാഗതതടസം നീക്കി.